ഐഎഎസ് അശ്വതിക്ക് അധികാരക്കസേരയല്ല; ഒരു നാടിന്റെ ജീവനായി മാറിയ കോഴിക്കോടുകാരി

അശ്വതി എസ്

ചുവപ്പു നാടയില്‍ കുരുങ്ങുന്ന സ്വപ്‌നങ്ങളാണ് ഓരോ സാധാരണക്കാരനെയും ഭരണാധികാരികളെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നത്. അധികാര കസേരകള്‍ ആജ്ഞാപിക്കാന്‍ മാത്രമുള്ളതാണെന്ന് കരുതുന്നവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും മനസിലാകുകയുമില്ല. മാറി മാറി വരുന്ന എണ്ണമറ്റ ഉദ്യോഗസ്ഥരുടെ പേരുകളുടെ ഇടയില്‍ നിന്ന് ചുരുക്കം ചില പേരുകള്‍ ആളുകള്‍ ഓര്‍ത്തു വെക്കുന്നെങ്കില്‍ അതിന് പിന്നില്‍ ഒരു കാരണമേയുണ്ടാകൂ, അവര്‍ മനുഷ്യനെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നവരായിരുന്നുവെന്ന്. അതല്ലെങ്കില്‍ പിന്നിട്ട വഴികള്‍ മറക്കാത്തവരാണെന്ന്.

ഒരു നാടു മുഴുവന്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നെങ്കില്‍ അതിനു പിന്നിലെ കാരണങ്ങള്‍ എന്തായിരിക്കും. അങ്ങനെയൊരു ചോദ്യം കോഴിക്കോടുകാരിയായ യുവ ഐഎഎസ് ഓഫീസര്‍ എസ്. അശ്വതിയോട് ചോദിച്ചാല്‍ ഒരു പക്ഷേ മറുപടി പുഞ്ചിരിയിലൊതുങ്ങിയേക്കാം. എന്നാല്‍ അധികാരം എന്ന സാധ്യതയെ എത്ര നന്നായി ഉപയോഗിക്കണമെന്ന് അശ്വതിയുടെ പ്രവര്‍ത്തനങ്ങള്‍ പറഞ്ഞു തരും.

ബംഗളുരുരുവില്‍ നിന്നും 265 കിലോമീറ്റര്‍ അകലെയുള്ള ദാവണ്‍ഗരെയില്‍ ജില്ലാ ചീഫ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് കോഴിക്കോട്കാരിയായ എസ്. അശ്വതി. ദാവണ്‍ഗരെയില്‍ ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ അശ്വതി അവര്‍ക്ക് ദാവണ്‍ഗരെയുടെ സ്വന്തം സിഇഒ ആയിക്കഴിഞ്ഞു. ആറ് പഞ്ചായത്തുകളും 233 ഗ്രാമ പഞ്ചായത്തുകളുമുള്ള ദാവണ്‍ഗരെയില്‍ ഇത്രയേറെ വരുന്ന ആളുകള്‍ ജില്ലയുടെ സിഇഒ യെ തങ്ങളിലൊരാളായി കാണുന്നെങ്കില്‍ അതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. തനിക്കു മുന്‍പിലെത്തിയ പരാതികള്‍ ഫയലുകള്‍ക്കുള്ളില്‍ അടച്ചു വെക്കാതെ ഉടനടി തീര്‍പ്പു കല്‍പ്പിച്ച ആര്‍ജ്ജവമുണ്ട്.

തീര്‍ത്തും സാധാരണക്കാരായ ദാവണ്‍ഗരെക്കാരെ വികസനത്തിന്റെ വഴിയിലൂടെ കെപിടിച്ചുയര്‍ത്താന്‍ ഈ ഐഎഎസ് ഓഫീസര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഉത്തരവുകള്‍ നല്‍കി ഓഫീസ് മുറിയില്‍ വിശ്രമിക്കുന്ന പതിവു രീതികളില്‍ നിന്ന് വ്യത്യസ്ഥയായി നിര്‍ദ്ദേശങ്ങള്‍ നല്‍കി കൂടെ നിന്ന് അവരിലൊരാളായി മാറിയാണ് അശ്വതി ജില്ലയെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ സംസ്ഥാനത്തെ മൂന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ചുമതല ഏറ്റെടുക്കുമ്പോള്‍ പതിനെട്ടാം സ്ഥാനത്തായിരുന്നു ജില്ല.

ശൗചായങ്ങള്‍ ഇല്ലാത്ത വീടുകളില്‍ അവ നിര്‍മ്മിക്കാതിരിക്കുന്നതിന് സാധാരണക്കാരായ അവര്‍ക്ക് ചില അന്ധവിശ്വാസങ്ങളുടെ അടിത്തറ കൂടിയുണ്ടായിരുന്നു. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമുള്ള വീടുകളില്‍ ശൗചായങ്ങള്‍ പാടില്ലെന്നായിരുന്നു അതിലൊന്ന്. ഉറച്ചു പോയ വിശ്വാസങ്ങളെ തിരുത്താനും ബോധവത്കരിക്കാനും എളുപ്പമായിരുന്നില്ല. എന്നിട്ടും ശ്രമിച്ചു ചിലപ്പോഴൊക്കെ യഥാര്‍ത്ഥ ഓഫീസറായി ശാസിച്ചു. ഒടുവില്‍ എല്ലാവരും വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറായി.

ജില്ലയിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും തനിക്കൊപ്പം നിര്‍ത്താന്‍ കഴിഞ്ഞുവെന്നതായിരുന്നു അശ്വതി എന്ന വനിതാ ഓഫീസറിന്റെ വിജയങ്ങളിലൊന്ന്. ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, കൃഷി, മൃഗംരക്ഷണം തുടങ്ങി 29 വകുപ്പുകളാണ് സിഇഒ യുടെ കീഴില്‍ വരുന്നത്. ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കൊള്ളാം എന്ന ഉറപ്പിന് നല്‍കിയ പ്രതിഫലമായാണ് ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന സീമന്ത് എന്ന ചടങ്ങ് നടത്തിക്കൊടുത്തത്. അങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍ കൂടെ നിന്ന വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. മുഴുവന്‍ സ്ത്രീകളുടെയും ആദരവ് പിടിച്ചു പറ്റിയാണ് സിഇഒ മടങ്ങിയത്.

കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയില്‍ മള്‍ട്ടി വില്ലേജ് ജലസേചന പദ്ധതിയിലൂടെ പരിഹാരം കണ്ടെത്തി. തൊഴിലില്ലായ്മ രൂക്ഷമായപ്പോള്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കി. രോഗങ്ങള്‍ വില്ലനായപ്പോള്‍ അവര്‍ക്കു വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാംപുകളും ചികിത്സ പദ്ധതികളുമൊരുക്കി. ഓരോ നിമിഷവും കൂടെ നിന്ന് ദാവണ്‍ഗരെയുടെ ഊര്‍ജ്ജമാകുകയാണ് അശ്വതി എന്ന കോഴിക്കോടുകാരി. ഐഎഎസ് എന്നത് അശ്വതിക്ക് അധികാരക്കസേരയല്ല മറിച്ച് ജനങ്ങളെ സേവിക്കാനും സ്‌നേഹിക്കാനുമുള്ള അവസരമാണ്.

അഡ്വ.സെലുരാജിന്റെയും കെ.എ പുഷ്പയുടെയും മകളായ അശ്വതി ദേവഗിരി കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദമെടുത്ത ശേഷം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. 2013 ല്‍ 24ാം റാങ്കോടെ ഐഎഎസ് സ്വന്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top