സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഏഴു മാസത്തിനിടെ നാട്ടിലേക്ക് അയച്ച പണത്തില്‍ എട്ട് ശതമാനം കുറവ്

ജിദ്ദ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു. ഏഴ് മാസത്തിനിടെ വിദേശികളുടെ റെമിറ്റന്‍സില്‍ 745 കോടി റിയാലിന്റെ കുറവുണ്ടെന്നും സാമ വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ആഗസ്ത് 31 വരെ 8,230 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കായളവില്‍ 8,975 കോടി റിയാലാണ് അയച്ചത്. കഴിഞ്ഞ ജൂലൈയില്‍ സൗദിയിലെ ഓരോ വിദേക തൊഴിലാളിയും അയച്ച ശരാശരി തുക 925 റിയാല്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ജൂലായില്‍ ഇത് 855 റിയാലായിരുന്നു. 2016 ല്‍ വിദേശികളുടെ റെമിറ്റന്‍സ് 15,190 കോടി റിയാലായിരുന്നുവെങ്കല്‍ 2015 ല്‍ ഇത് 15,690 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സില്‍ മൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തി. 500 കോടി റിയാലിന്റെ കുറവാണ് റെമിറ്റന്‍സിലുണ്ടായത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികള്‍ കഴിഞ്ഞ വര്‍ഷം വിദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 33 ശതമാനം കുറവുണ്ടായി. 2016 ല്‍ സ്വദേശികള്‍ 5,960 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2015 ല്‍ ഇത് 8,920 കോടി റിയാലാണെന്നും സാമ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top