ലിവിങ് ടുഗദര്‍ പങ്കാളി ദുരൂഹ സാഹചര്യത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; കൂടെ ഉണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: ലിവിങ് ടുഗദര്‍ പങ്കാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ബിജോയ്ഗഢില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. യുവാവിനൊപ്പം താമസിച്ചു വന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വഴക്കിനെത്തുടര്‍ന്ന് യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. വാതില്‍ അകത്തു നിന്നും പൂട്ടിയിരുന്നതിനാല്‍ തുറക്കാന്‍ സാധിച്ചില്ല. സഹായത്തിന് വേണ്ടി നിലവിളിച്ചെങ്കിലും ആരും കേട്ടില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, യുവതിയുടെ മൊഴി പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഇരുവരുടേയും പേരും മറ്റു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവു ശേഖരിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top