യുഎസ് ഓപ്പണിന് ഇന്ന് തുടക്കം: കിരീട പ്രതീക്ഷയില്‍ ഫെഡറര്‍, നദാല്‍

ന്യുയോര്‍ക്ക്: വര്‍ഷത്തെ അവസാന ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിന് ഇന്ന് തുടക്കമാകും. പ്രമുഖരുടെ അഭാവമാണ് ഇത്തവണത്തെ യുഎസ് ഓപ്പണിന്റെ പ്രത്യേകത. പുരുഷവിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച്, ആന്റി മറെ എന്നിവരും വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യ സെറീന വില്യംസ്, വിക്ടോറിയ അസറങ്കെ എന്നിവരും പങ്കെടുക്കുന്നില്ല.

അഞ്ച് വട്ടം ചാമ്പ്യനായ റോജര്‍ ഫെഡറര്‍, മുന്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ റഫേല്‍ നദാല്‍ നിലവിലെ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവരാണ് പുരുഷ വിഭാഗത്തില്‍ ഇത്തവണയും കിരീടപ്പോരാട്ടത്തില്‍ മുന്‍നിരയിലുള്ളത്. വനിതാ വിഭാഗത്തില്‍ ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് തിരിച്ചെത്തുന്ന മരിയ ഷറപ്പോവ, നിലവിലെ ലോക ഒന്നാം നമ്പര്‍ കരോലിന പ്ലിസ്‌കോവ എന്നിവരാണ് കിരീട സാധ്യത കല്‍പ്പിക്കുന്ന താരങ്ങള്‍.

ടൂര്‍ണമെന്റ് തുടങ്ങുന്നതിന് തലേദിവസമാണ് ലോക രണ്ടാം നമ്പറായ ബ്രിട്ടന്റെ ആന്റി മറെ പിന്‍മാറിയത്. തുടയെല്ലിനേറ്റ പരുക്കാണ് കാരണം. ടൂര്‍ണമെന്റില്‍ രണ്ടാം സീഡായിരുന്നു മറെ. പുരുഷ വിഭാഗത്തില്‍ നദാലാണ് ഒന്നാം സീഡ്. ഫെഡറര്‍ (3), അലക്‌സാണ്ടര്‍ സവറേവ് (4), മരിന്‍ സിലിച്ച് (5) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

വനിതാ വിഭാഗത്തില്‍ കരോലിന പ്ലിസ്‌കോവയാണ് ഒന്നാം സീഡ്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് നേരിട്ട വിലക്കിന് ശേഷം കളത്തിലെത്തുന്ന മരിയ ഷറപ്പോവ റാങ്കിംഗില്‍ 147 ആം സ്ഥാനത്താണ്. 15 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യന്‍ താരം കളത്തിലിറങ്ങുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top