കോട്ടയത്ത് മൃതദേഹം ചാക്കില്‍ കണ്ടസംഭവം: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കൊലപാതകകാരണം അവിഹിത ബന്ധമെന്ന് സൂചന

കോട്ടയം: കോട്ടയം മാങ്ങാനത്ത് അറുത്തുമാറ്റി ചാക്കുകളില്‍ ഉപേക്ഷിച്ച മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെയാണ് കോട്ടയം മാങ്ങാനം മന്ദിരത്ത് വെട്ടിമുറിച്ച് ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ നാല്‍പത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. തല ശരീരഭാഗങ്ങള്‍ക്കൊപ്പമില്ലാത്തതിനാല്‍ ആരുടെ മൃതദേഹമാണെന്ന് മനസിലാക്കാനായില്ല. തുടര്‍ന്ന് സമീപനാളുകളില്‍ ജില്ലയില്‍ നിന്നും കാണാതായവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

സന്തോഷുമായി മുന്‍വൈരാഗ്യമുണ്ടായിരുന്ന ആളുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് കമ്മല്‍ വിനോദാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി സന്തോഷിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍.

വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസമനുഭവിച്ച് വരുന്നതിനിടെ സന്തോഷ് ഭാര്യയുമായി ബന്ധമുണ്ടാക്കിയെന്ന സംശയമാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ വിനോദ് മെയ് 22 മുതല്‍ സ്‌റ്റേഷനില്‍ ഒപ്പിടാനും എത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഞായറാഴ്ചയാണ് കോട്ടയം മാന്നാനത്ത് രണ്ട് ചാക്കുകളില്‍ കെട്ടിയ നിലയില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. രണ്ടായി വെട്ടിമുറിച്ച നിലയിലായിരുന്നു മൃതദേഹം. വയറിന്റെ ഭാഗം മുതല്‍ താഴേക്ക് ഒരു ചാക്കിലും വയറിന് മുകളിലോട്ടുള്ള ഭാഗം തലയില്ലാതെ മറ്റൊരു ചാക്കിലുമായിരുന്നു ഉപേക്ഷിച്ചത്. തലയില്ലാഞ്ഞതിനാല്‍ മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മാക്രോണി പാലത്തിന് സമീപത്തുനിന്നാണ് സന്തോഷിന്റെ തല കണ്ടെടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top