‘കൈവിട്ട’ കളി, പിവി സിന്ധുവിന് വെള്ളി; ഒക്കുഹാര ലോകചാമ്പ്യന്‍

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് പുതുചരിത്രം കുറിക്കാന്‍  കഴിഞ്ഞില്ല. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരം തോല്‍വി വഴങ്ങി. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി.  സ്‌കോര്‍ 19-21, 22-20, 20-22. ഒക്കുഹാര സുവര്‍ണ ശോഭയില്‍ കളംവിട്ടപ്പോള്‍ സിന്ധുവിന് കൂട്ടായി വെള്ളിത്തിളക്കം. ഇതാദ്യമായാണ് ഒരു ജപ്പാന്‍ താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ കിരീടം ചൂടുന്നത്.

ഇന്ത്യയുടെ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചായിരുന്നു ഒക്കുഹാര ഫൈനലിലെത്തിയത്. ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ച് കിരീടവും സ്വന്തമാക്കി. റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കരോലിന മരിനോട് തോറ്റ് ഒളിമ്പിക് മെഡല്‍ അടിയറ വെച്ച് കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സിന്ധുവിന് കിരീടം കൈമോശം വന്നിരിക്കുന്നു.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധിവിന്റെ മൂന്നാം മെഡലാണിത്. ലോകചാമ്പ്യന്‍ഷിപ്പില്‍ മൂന്ന്‌മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. നേരത്തെ 2013 (ഗ്വാങ്ഷൂ), 2014 (കോപ്പന്‍ഹേഗന്‍) വര്‍ഷങ്ങളില്‍ സിന്ധു വെങ്കല മെഡലുകള്‍ നേടിയിരുന്നു.

അത്യന്തം വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു ഗ്ലാസ്‌ഗോയിലെ ഫൈനല്‍ മത്സരത്തില്‍ കണ്ടത്. ഓരോ പോയിന്റും ഇഞ്ചോടിഞ്ച് പൊരുതി നേടുകയായിരുന്നു രണ്ട് താരങ്ങളും. ബാഡ്മിന്റണിന്റെ എല്ലാ സൗന്ദര്യങ്ങളും ആവേശങ്ങളും തുളുമ്പി നിന്ന കിരീടപ്പോരാട്ടം.

തുടക്കത്തില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ സിന്ധു 11-5 എന്ന സ്‌കോറിനാണ് ആദ്യ ഗെയിമിന്റെ ഇടവേളയക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക് ശേഷം തിരിച്ചടിച്ച ഒക്കുഹാര തുടര്‍ച്ചയായി പോയിന്റുകള്‍ നേടി സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കി. 10-13 ന് പിന്നിട്ട് നിന്ന ജപ്പാന്‍ താരം ലീഡ് 16-14 ആയും 18-14 ആയും ഉയര്‍ത്തി. തുടര്‍ച്ചയായി നാലുപോയിന്റുകള്‍ നേടിയ ഇന്ത്യന്‍ താരം സ്‌കോര്‍ 18-18 ല്‍ പിടിച്ചു. പിന്നീട് ഓരോ പോയിന്റുകള്‍ നേടി 19-19 ന് തുല്യനിലയില്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ഒക്കുഹാര ആദ്യ ഗെയിം സ്വന്തമാക്കി.

ആദ്യ ഗെയിം പോലെ സിന്ധുവിന്റെ മുന്നേറ്റമായിരുന്നു രണ്ടാം ഗെയിമിലും. 5-1 ന് ലീഡെടുത്ത സിന്ധു 11-8 എന്ന സ്‌കോറിനാണ് ഇടവേളയ്ക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക് ശേഷവും മുന്‍തൂക്കം ഇന്ത്യന്‍ താരത്തിനായിരുന്നു. 15-13 ന് മുന്നില്‍ക്കയറി. എന്നാല്‍ ഒക്കുഹാര ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം അത്യന്തം ആവേശകരമായി. ഒരുഘട്ടത്തില്‍ 20-18 ന് സിന്ധു മുന്നിട്ട് നിന്നെങ്കിലും ജപ്പാന്‍ താരം സ്‌കോര്‍ തുല്യനിലയിലാക്കി. ഒടുവില്‍ ഏറെ നീണ്ട പോരാട്ടത്തിനൊടുവില്‍ 22-20 ന് ഇന്ത്യന്‍ താരം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലെ പല റാലികളും ദൈര്‍ഘ്യമേറിയവയായിരുന്നു.

നിര്‍ണായകമായ മൂന്നാം ഗെയിം ഒക്കുഹാരയുടെ മുന്നേറ്റത്തോടയായിരുന്നു. 1-5 ന് പിന്നിട്ട് നിന്ന സിന്ധു തുടര്‍ച്ചയായി നാലുപോയിന്റുകള്‍ നേടി ഒപ്പമെത്തി. തുടര്‍ന്ന് തുല്യനിലയില്‍ മുന്നേറിയ ഇരുവരും 8-8 വരെയെത്തി. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടി സിന്ധു മൂന്നാം ഗെയിമിന്റെ ഇടവേളയിലും മുന്‍തൂക്കത്തോടെ (11-9) പിരിഞ്ഞു. ഇടവേളയ്ക്ക് ശേഷവും തുല്യശക്തികളുടെ പോരാട്ടമായിരുന്നു കാത്തിരുന്നത്. ഓരോ പോയിന്റ് നേടി ഇരുവരും മുന്നേറി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top