ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്കിംഗ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണിന്റെ ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചത് മുതല്‍ ഫോണ്‍ സംബന്ധിച്ച് പലവിധത്തിലുള്ള സംശയങ്ങളാണ് ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ആദ്യ ദിവസം ഒരേ സമയത്ത് ഒരുപാടു പേര്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി ലോഗിന്‍ ചെയ്തതിനെത്തുടര്‍ന്ന് വെബ്‌സൈറ്റ് പണി മുടക്കിയിരുന്നു.

ഓഗസ്റ്റ് 24 മുതലാണ് ജിയോ ഫീച്ചര്‍ ഫോണിനുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചത്. ഓണ്‍ലൈന്‍ ബുക്കിംഗിന് പുറമേ ഓഫ്‌ലൈന്‍ ബുക്കിംഗിലൂടെ ജിയോ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ഫോണുകള്‍ വാങ്ങാന്‍ കഴിയുമെന്ന് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു.

സൗജന്യവോയ്‌സ് കോളും 4ജി ഡാറ്റാ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകള്‍. ആദ്യം ബുക്ക് ചെയ്യുന്നയാള്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് വിതരണം നടക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി അഞ്ഞൂറ് രൂപ അടച്ച് ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.

ജിയോ ഫീച്ചര്‍ ഫോണിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ട 1500 രൂപയില്‍ അഞ്ഞൂറ് രൂപ ഫോണ്‍ ബുക്ക് ചെയ്യുമ്പോള്‍ നല്‍കണം. ബാക്കി തുക ഫോണ്‍ ലഭിച്ച ശേഷം നല്‍കിയാല്‍ മതി. സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കുന്ന 1500 രൂപ തിരികെ ലഭിക്കുന്നതിനായി ഓരോ 90 ദിവസം കൂടുമ്പോഴും ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഒരു വ്യക്തിക്ക് ഒരു ഫോണ്‍ മാത്രമേ വാങ്ങാന്‍ കഴിയൂ എന്ന നിബന്ധന ജിയോ അധികൃതര്‍ മുന്നോട്ടു വെച്ചിരുന്നു. ഫോണ്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ബുക്ക് ചെയ്യുന്ന സമയത്ത് ആധാറിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. ആധാര്‍ കാര്‍ഡ് ഇല്ലാതെ ഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു ഫോണ്‍ മാത്രമേ വാങ്ങാന്‍ കഴിയൂ. ഒന്നില്‍ കൂടുതല്‍ ഫോണുകള്‍ ബുക്ക് ചെയ്യുന്നവര്‍ കമ്പനിയുടെ പേരിലുള്ള പാന്‍ കാര്‍ഡ് രേഖയായി നല്‍കണം.

ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ കുറഞ്ഞത് 153 രൂപയ്‌ക്കെങ്കിലും പ്രതിമാസം റീച്ചാര്‍ജ് ചെയ്യണം. ഈ പാക്കില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 500 എംബി ഡാറ്റാ, സൗജന്യ വോയ്‌സ് കോള്‍, എസ്എംഎസ്, സൗജന്യമായി ജിയോ ആപ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള അവസരം എന്നിവയും ലഭിക്കും.

ജിയോ ഫീച്ചര്‍ ഫോണിനൊപ്പം ജിയോ ഫോണ്‍ ടിവി കേബിള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അധിക ചാര്‍ജ് നല്‍കേണ്ടി വരും. ബോക്‌സും കേബിളും വാങ്ങുന്നതിനാണ് അധികചാര്‍ജ്. ഫോണ്‍ ടിവിയുമായി കണക്ട് ചെയ്ത് കാണുന്നതിന് ജിയോ കേബിള്‍ വഴി പ്രതിമാസം 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണം. റെഗുലര്‍ റീച്ചാര്‍ജായ 153 രൂപ വേറെയും ചെയ്യണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top