സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ജസ്റ്റിസ് ദീപക് മിശ്ര

ദില്ലി : സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുന്നത്. ഒഡീഷ സ്വദേശിയായ ദീപക് മിശ്ര, സുപ്രിംകോടതിയുടെ 45 ആമത്തെ ചീഫ് ജസ്റ്റിസാണ്.

നിലവിലെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ഇന്ന് സ്ഥാനമൊഴിയും. അടുത്തവര്‍ഷം ഒക്ടോബര്‍ 2 വരെ കാലാവധിയുള്ള ജസ്റ്റിസ് ദീപക് മിശ്ര 13 മാസം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും.

ഒഡീഷയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ദീപക് മിശ്ര. ജസ്റ്റിസ് രംഗനാഥ് മിശ്ര, ജസ്റ്റിസ് ജി ബി പട്‌നായിക് എന്നിവരാണ് മുമ്പ് ഒഡീഷയില്‍ നിന്നും ചീഫ് ജസ്റ്റിസായിട്ടുള്ളത്.

നിലവില്‍ സുപ്രിംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് 63 കാരനായ ദീപക് മിശ്ര. ദീപക് മിശ്രയെ ചീഫ് ജസ്റ്റിസാക്കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

യാക്കൂബ് മേമന് വധ ശിക്ഷ വിധിച്ചതും ഡല്‍ഹി കൂട്ട ബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതും ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. സിനിമാ തീയേറ്ററുകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കിയതും ജസ്റ്റിസ് മിശ്രയുടെ ഉത്തരവിനെ തുടര്‍ന്നാണ്. ശബരിമല സ്ത്രീ പ്രവേശന കേസടക്കം സുപ്രധാന കേസുകള്‍ അദ്ദേഹം തുടര്‍ന്നും പരിഗണിക്കും

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top