ദില്ലിയില്‍ തെരുവു നായയെ കല്ലെറിഞ്ഞു കൊന്നത് ഭക്ഷണമാക്കാന്‍; ‘നായയെ ഭക്ഷിക്കുന്നത് കുറ്റമാണെന്ന് അറിഞ്ഞിരുന്നില്ലെ’ന്ന് അറസ്റ്റിലായ യുവാക്കള്‍ പൊലീസിനോട്‌

ദില്ലി: ദില്ലിയില്‍ സ്വാതന്ത്ര്യ ദിന രാത്രിയില്‍ തെരുവുനായയെ കല്ലെറിഞ്ഞു കൊന്നതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഡേവിഡ് ഹവോകിപ് (23), ലാല്‍മിന്‍സാങ് ഖോങ്‌സായ്(20) എന്നിവരെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഭക്ഷണമാക്കുന്നതിനാണ് നായയെ കൊലപ്പെടുത്തിയതെന്ന് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. ദില്ലിയില്‍ ഭക്ഷണത്തിന് നായയെ കൊല്ലുന്നത് കുറ്റകരമാണെന്ന് അറിയില്ലെന്നും യുവാക്കള്‍ വെളിപ്പെടുത്തി.

ദില്ലിയിലെ മുനിര്‍ക്കയിലായിരുന്നു തെരുവുനായയെ നാലുപേരടങ്ങുന്ന സംഘം കല്ലെറിഞ്ഞു കൊന്നത്. സ്വാതന്ത്ര്യദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന് ഭക്ഷണം തയ്യാറാക്കാനായിരുന്നു നായയെ കൊലപ്പെടുത്തിയത്. ഹാവോകിപ് താമസിച്ചിരുന്ന കത്‌വാരിയ സരായിയില്‍ തെരുവു നായയെ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഖോങ്‌സായ് താമസിക്കുന്ന മുനിര്‍ക്കയില്‍ എത്തുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. മദ്യം വാങ്ങിവെച്ച ശേഷം നായയെ പിടികൂടുന്നതിന് തെരുവിലേക്കിറങ്ങുകയായിരുന്നു. അരമണിക്കൂറോളം തെരുവില്‍ പലയിടങ്ങളില്‍ തെരഞ്ഞെങ്കിലും നായയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് റോഡിന് സമീപം തെരുവുനായ ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും യുവാക്കള്‍ വെളിപ്പെടുത്തി.

യുവാക്കള്‍ നായയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. നായ കിടക്കുന്നതിന് സമീപം യുവാക്കള്‍ ഏറെ നേരം ഇരിക്കുന്നതും സമീപത്തുകിടന്ന കല്ലെടുത്ത് നായ്ക്ക് നേരെ എറിയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top