ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനയും സെമിയില്‍, ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പിച്ചു

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ട് മെഡലുകള്‍ ഉറപ്പിച്ചു. കുറഞ്ഞത് രണ്ട് വെങ്കലം ഇന്ത്യയ്ക്ക് ലഭിക്കും. വനിതാ വിഭാഗത്തിലാണ് രണ്ട് മെഡലുകളും ഇന്ത്യ ഉറപ്പിച്ചിരിക്കുന്നത്. പിവി സിന്ധുവിന് പിന്നാലെ മുന്‍ ലോക ഒന്നാം നമ്പര്‍ സൈന നെഹ്‌വാളും സെമിയില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യ ഇരട്ടമെഡല്‍ നേട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

ക്വാര്‍ട്ടറില്‍ ആതിഥേയതാരം ക്രിസ്റ്റി ഗില്‍മൊറിനെയാണ് സൈന തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍ 21-19, 18-21, 21-15. മത്സരം ഒരു മണിക്കൂറും 14 മിനിട്ടും നീണ്ടുനിന്നു. മൂന്ന് സെറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. സെമിയിലെത്തിയതോടെ ലോക ചാമ്പ്യന്‍ഷിപ്പിലെ തന്റെ രണ്ടാം മെഡലാണ് സൈന സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 2015 (ജക്കാര്‍ത്ത) ല്‍ സൈന വെള്ളി മെഡല്‍ നേടിയിരുന്നു.

സെമിയില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സൈനയുടെ എതിരാളി. ഒളിമ്പിക് ചാമ്പ്യന്‍ കരോലിന മരിനെ അട്ടിമറിച്ചാണ് ഒക്കുഹാര സെമിയിലെത്തിയത്. സ്‌കോര്‍ 21-18, 14-21, 21-15.

നേരത്തെ പിവി സിന്ധുവും സെമിയിലെത്തിയിരുന്നു. ചൈനയുടെ സണ്‍ യുവിനെയാണ് സിന്ധു ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-14, 21-9. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സിന്ധു സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ 2013 (ഗ്വാങ്ഷൂ), 14 (കോപ്പന്‍ഹേഗന്‍) വര്‍ഷങ്ങളിലും സിന്ധു വെങ്കല മെഡല്‍ നേടിയിരുന്നു. സൈനയും സിന്ധുവും ഫൈനലിലേക്ക് മുന്നേറിയാല്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയിലേക്കെത്തും. ജൂനിയര്‍ ലോകചാമ്പ്യ ചെന്‍ യുഫിയാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top