ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു സെമിയില്‍, വെങ്കല മെഡല്‍ ഉറപ്പിച്ചു

ഗ്ലാസ്‌ഗോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് ചിറകുകളേകി പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി. ഇതോടെ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരു വെങ്കലമെഡല്‍ ഉറപ്പിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ ചൈനയുടെ സണ്‍ യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു അവസാന നാലില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്‌കോര്‍ 21-14, 21-9. സെമിയില്‍ ജൂനിയര്‍ ലോകചാമ്പ്യ ചെന്‍ യുഫിയാണ് സിന്ധുവിന്റെ എതിരാളി.

സെമിയില്‍ കടന്നതോടെ സിന്ധു വെങ്കലമെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സെമിയില്‍ തോറ്റാലും സിന്ധുവിന് മെഡല്‍ ലഭിക്കും. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മെഡലിന് അര്‍ഹത നേടിയിരിക്കുകയാണ് ഈ തെലങ്കാന താരം. നേരത്തെ 2013, 14 വര്‍ഷങ്ങളില്‍ സിന്ധു തുടര്‍ച്ചയായി വെങ്കല മെഡല്‍ നേടിയിരുന്നു.

മത്സരത്തില്‍ സമ്പൂര്‍ണ മോധാവിത്വം പുലര്‍ത്തിയാണ് സിന്ധു ചൈനീസ് താരത്തെ തറപറ്റിച്ചത്. ആദ്യ ഗെയിമില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞെങ്കിലും സിന്ധുവിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. 18-10 ന് ലീഡെടുത്ത സിന്ധു 21-14 ന് ആദ്യ ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ എതിരാളിയെ നിലം തൊടാന്‍ ഇന്ത്യന്‍ താരം അനുവദിച്ചില്ല. വെറും ഒമ്പത് പോയിന്റുകള്‍ മാത്രമാണ് സിന്ധുവിനെതിരെ എതിരാളിക്ക് നേടാനായത്. തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ സിന്ധു 21-9 ന് ഗെയിമും മത്സരവും സ്വന്തമാക്കി.

നേരത്തെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-14, 21-18.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top