ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പുറത്ത്

ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വന്‍തിരിച്ചടി. പുരുഷ വിഭാഗത്തില്‍ എട്ടാം സീഡ് കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ഒന്നാം നമ്പറും രണ്ടാം സീഡുമായ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-14, 21-18.

ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്നില്‍ ശ്രീകാന്തിന് തുടക്കം മുതല്‍ അടിപതറി. ആദ്യഗെയിമില്‍ 1-6 ന് പിന്നിട്ട് നിന്ന ശേഷം 8-8 ല്‍ സമനില പിടിച്ചെങ്കിലും ആധിപത്യം നേടാനായില്ല. 11-8 ന് ലീഡെടുത്ത കൊറിയന്‍ താരം 17- 12 നും 19-14 നും മുന്നിട്ട് നിന്ന ശേഷം 21-14 ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ കൊറിയന്‍ താരം ഏകപക്ഷീയമായി മുന്നേറി. ഒരു ഘട്ടത്തില്‍ 8-16 ന് മുന്നിലായിരുന്ന സണ്‍ അനായാസം ഗെയിം നേടുമെന്ന് തോന്നിച്ചു. എന്നാല്‍ തുടര്‍ച്ചയായി ആറുപോയിന്റുകള്‍ നേടി തിരിച്ചടിച്ച ശ്രീകാന്ത് സ്‌കോര്‍ 14-18 ആക്കി. പക്ഷെ കൊറിയന്‍ താരത്തിന്റെ പോരാട്ടത്തിന് മുന്നില്‍ തകര്‍ന്നുപോയ ശ്രീയ്ക്ക് നാലുപോയിന്റുകള്‍ കുടി നേടാനെ സാധിച്ചുള്ളു. 21-18 ന് ഗെയിമും മത്സരവും സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ നടത്തിയ പോരാട്ടവീര്യം മാത്രമാണ് ശ്രീക്ക് പറയാനുള്ളത്.

ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍ വനിതാ വിഭാഗത്തിലാണ്. പിവി സിന്ധുവും സൈന നെഹ്‌വാളും ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നിറങ്ങും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top