സെന്റ് കിറ്റ്‌സിനെതിരെ സമനില: ത്രിരാഷ്ട്ര ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്

ഇന്ത്യന്‍ ടീം ട്രോഫിയുമായി

മുംബൈ : സെന്റ് കിറ്റ്‌സിനെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയെങ്കിലും, ഇന്ത്യ ത്രിരാഷ്ട്ര ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. പോയിന്റ് നിലയില്‍ മുന്നിലെത്തിയതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. രണ്ടു കളിയില്‍ നിന്ന് നാലുപോയിന്റ് നേടിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.

രണ്ടു മല്‍സരത്തിലും സമനില വഴങ്ങിയ സെന്റ് കിറ്റ്‌സ് രണ്ടാം സ്ഥാനത്തും, ഒരു സമനില മാത്രമുള്ള മൗറീഷ്യസ് മൂന്നാമതുമെത്തി. ആദ്യമല്‍സരത്തില്‍ ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചിരുന്നത്.

തുടര്‍ച്ചയായ ഒമ്പത് ജയങ്ങളുടെ റെക്കോഡുമായി സെന്റ് കിറ്റ്‌സിനെതിരെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷെ സമനില കൊണ്ട് തൃപ്തി അടയേണ്ടി വന്നു. 38 ആം മിനുട്ടില്‍ ജാക്കി ചന്ദിന്റെ ഗോളിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. ഗോള്‍ നേടാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിന് ശേഷമായിരുന്നു ജാക്കി ചന്ദിന്റെ ഗോള്‍ പിറന്നത്.

18 ആം മിനുട്ടില്‍ ബല്‍വന്ത് സിംഗായിരുന്നു ആദ്യ അവസരം പാഴാക്കിയത്. റോളിന്‍ ബോര്‍ജെസ് നല്‍കിയ ക്രോസില്‍ ബല്‍വന്ത് തലവെച്ചെങ്കിലും പക്ഷെ വഴിമാറി. അരമണിക്കൂര്‍ തികയുംമുമ്പ് ഒരിക്കല്‍ക്കൂടി ഇന്ത്യ ഗോളിന് അടുത്തെത്തി. യൂജിന്‍സണ്‍ ലിങ്‌ദോയുടെ കോര്‍ണര്‍ സെന്റ് കീറ്റ്‌സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പന്ത് കിട്ടിയ ബല്‍വന്തിന്റെ ഷോട്ട് ഗോളി തടുത്തിട്ടു. പന്ത് സന്ദേശ് ജിങ്കന് ലഭിച്ചെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്കാണ് പോയത്.

തുടര്‍ന്നും നടത്തിയ നിരന്തര ശ്രമത്തിനൊടുവില്‍ ജാക്കി ചന്ദ് ഇന്ത്യയെ മുന്നിലെത്തിച്ചു. ബോര്‍ജെസ് നല്‍കിയ ക്രോസ് സെന്റ് കിറ്റ്‌സ് ഗോളി ജെഫേഴ്‌സ് ജമാലിനെ നിഷ്പ്രഭനാക്കി, ജാക്കി ചന്ദ് തല കൊണ്ട് വലയിലേക്ക് ചെത്തിയിടുകയായിരുന്നു.

മല്‍സരത്തിന്റെ അവസാന ഘട്ടത്തില്‍ സെന്റ് കീറ്റ്‌സ് ഇന്ത്യന്‍ പോസ്റ്റിന് മുന്നില്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. സന്ദേശ് ജിങ്കന്റെയും അനസിന്റെയും ഇടപെടലുകളാണ് ഗോള്‍ വഴങ്ങുന്നതില്‍ രക്ഷിച്ചത്. എന്നാല്‍ 72 ആം മിനിറ്റില്‍ സെന്റ് കീറ്റ്‌സ് ഗോള്‍ മടക്കി. ടിറാന്‍ ഹാന്‍ലിയുടെ ക്രോസ് ഇന്ത്യന്‍ വലയിലെത്തിച്ച് ഗൗനെ അമോറെയാണ് സെന്റ് കിറ്റ്‌സിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top