special page

‘ എന്റെ കൈ ഞരമ്പ് മുറിക്കാന്‍ എനിക്ക് കഴിയുന്നെങ്കില്‍ നിന്റെ കഴുത്തറുക്കാനും നിഷ്പ്രയാസം സാധിക്കും’; തന്നെ വിടാതെ പിന്തുടര്‍ന്ന് ക്രൂര പീഡനത്തിനിരയാക്കിയ യുവാവിനെ ഭയത്തോടെ ഓര്‍ത്തെടുത്ത് പതിമൂന്നുകാരി

ഹൈദരാബാദ്: ഭയത്തോടെയല്ലാതെ ആ 22 കാരന്റെ മുഖം പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് ഓര്‍ത്തെടുക്കാനാകില്ല. അത്രത്തോളം വേദനിപ്പിച്ചിട്ടുണ്ട് അയാള്‍ ഈ പെണ്‍കുട്ടിയെ. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ യുവാവ് അറസ്റ്റിലായെങ്കിലും പെണ്‍കുട്ടിയുടെ ഉള്‍ഭയം കെട്ടടങ്ങിയിട്ടില്ല, കാരണം അയാള്‍ പറഞ്ഞത്, ‘നാളെയോ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമോ ഞാന്‍ പുറത്തിറങ്ങും, അപ്പോള്‍ ഞാന്‍ നിന്നെ തേടിയെത്തും’ എന്നാണ്. പെണ്‍കുട്ടിയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കാന്‍ യുവാവ് സുഹൃത്തുക്കളെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഹൈദരാബാദിലാണ് സംഭവം. അസം എന്നാണ് യുവാവിന്റെ പേര്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അസം കാണുന്നത്. തന്റെ ജീവിതത്തെ മാറ്റി മറിക്കുന്ന കൂടിക്കാഴ്ചയായിരിക്കും അതെന്ന് പെണ്‍കുട്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ പരിചയപ്പെടല്‍ പിന്നീട് പ്രണയമായി മാറി. ഒരിക്കല്‍ മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് അസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവളെ ക്രൂരമായി പീഡിപ്പിച്ചു. സംഭവം പുറത്തറിഞ്ഞാല്‍ സഹോദരങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആ സംഭവത്തിന് ശേഷം അസമിന്റെ ഫോണ്‍ കോളുകള്‍ പെണ്‍കുട്ടി എടുക്കാതായി. അതിനിടെ യുവാവ് കൈ ഞരമ്പുകള്‍ മുറിച്ചു. പെണ്‍കുട്ടിയുടെ കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. അസം പറഞ്ഞത് ‘ എന്റെ കൈ ഞരമ്പുകള്‍ മുറിക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ നിന്റെ കഴുത്തറുക്കാനും എനിക്ക് നിഷ്പ്രയാസം സാധിക്കും. ഞാനൊരു കൊലയാളിയാണ്. എനിക്ക് എന്തും ചെയ്യാന്‍ കഴിയും’ എന്നാണെന്ന് പെണ്‍കുട്ടി പറയുന്നു.

അതിന് ശേഷം അസമിന്റെ അമ്മ പെണ്‍കുട്ടിയുടെ അമ്മയെ ഫോണില്‍ ബന്ധപ്പെട്ടു. മകന് വേണ്ടി പെണ്ണു ചോദിക്കാനായിരുന്നു ആ ഫോണ്‍ കോള്‍. അത് ആ അമ്മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ അസമിന്റെ അമ്മക്ക് കൃത്യമായ മറുപടി അവര്‍ നല്‍കി. ‘മകള്‍ക്ക് കളിക്കേണ്ട പ്രായമാണെന്നും എന്നാല്‍ അവളെ വിവാഹം കഴിച്ച് നല്‍കാമോ എന്നാണ് നിങ്ങള്‍ ചോദിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തന്റെ മകന് എന്തും കഴിയുമെന്നായിരുന്നു അതിന് അസമിന്റെ അമ്മ നല്‍കിയ മറുപടി. ആ പറഞ്ഞ് ഒരാഴ്ചക്കുള്ളില്‍ മകളെ അസം തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

തുടര്‍ന്ന് മകളെ അസം തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ സമീപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഹൈദരാബാദില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ ഗുല്‍ബര്‍ഗില്‍ നിന്നും പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി.

അസമും സുഹൃത്തുക്കളുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വെള്ള നിറത്തിലുള്ള ഗുളിക നിര്‍ബന്ധിച്ച് തന്നെക്കൊണ്ട് കഴിപ്പിച്ചുവെന്നും അതിന് ശേഷം തനിക്ക് ബോധം നഷ്ടമായെന്നും അവള്‍ പറയുന്നു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം അസമിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ഇയാളുടെ സുഹൃത്തുക്കളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

അസമില്‍ നിന്നും പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ ലൈംഗീക പീഡനമാണെന്ന് ചൈല്‍ഡ് ആക്ടിവിസ്റ്റ് അച്യുത റാവു പറയുന്നു. ആ സംഭവത്തിന് ശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോയിട്ടില്ല. അവളെ സ്‌കൂളില്‍ അയക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. കേസ് രജിസ്റ്റര്‍ ചെയ്തതുെകാണ്ട് മാത്രം കാര്യമില്ല. കുട്ടിയ്ക്കും കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം ഒരുക്കേണ്ടതുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കണം. ഓട്ടോ ഡ്രൈവറായ പിതാവിന് കേസുമായി മുന്നോട്ടു പോകാന്‍ സാമ്പത്തികമായ പരിമിധികളുണ്ട്. ഭയമില്ലാതെ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ കഴിയണമെന്നും അച്യുത പറഞ്ഞു.

ലൈംഗീക പീഡനം, തട്ടിക്കൊണ്ടുപോകല്‍, ഭയപ്പെടുത്തല്‍ ഉള്‍പ്പെടെയാണ് അസമിനെതിരെ ചുമത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top