പുതിയ 200 രൂപ നോട്ടുകള്‍ രാജ്യത്ത് ഇന്നുമുതല്‍ പ്രാബല്യത്തില്‍

ദില്ലി : പുതിയ 200 രൂപ നോട്ടുകള്‍ രാജ്യത്ത് ഇന്നുമുതല്‍ പ്രാബല്യത്തില്‍. മഞ്ഞ നിറത്തിലുള്ള മഹാത്മാ ശ്രേണിയിലുള്ള കറന്‍സിയാണ് പുറത്തിറക്കുന്നതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയ കറന്‍സിയില്‍ സ്വഛ് ഭാരത് സന്ദേശവും ലോഗോയും ഉണ്ട്. ഗാന്ധിജിയുടെ ചിത്രം മധ്യത്തിലാണ്. ദേവനാഗരി ലിപിയിലും തുക രേഖപ്പെടുത്തിയിട്ടുണ്ട്.

ചെറിയ തുകയ്ക്കുള്ള കറന്‍സി നോട്ടുകളുടെ ക്ഷാമം 200 രൂപ നോട്ടുകള്‍ കൂടി വിപണിയിലെത്തുന്നതോടെ പരിഹരിക്കപ്പെടുമെന്ന് ആര്‍ബിഐ അധികൃതര്‍ സൂചിപ്പിച്ചു. നവംബറിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ വിപണിയില്‍ പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് ഇല്ലാതായത്. ഇത് രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ 200 നോട്ട് ഇറക്കുന്നത്.

പുതിയ 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിക്കില്ല. പകരം ബാങ്ക് വഴി വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇളം മഞ്ഞ നിറത്തിലുള്ള നോട്ടിന്റെ ഒരു ഭാഗത്ത് മഹാത്മഗാന്ധിയുടെ ചിത്രവും മറുഭാഗത്ത് 200 എന്ന് എഴുതിയതും കാണാം.

മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗമാണ് രാജ്യത്ത് 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. 50 രൂപയുടെ പുതിയ നോട്ടുകളും പുറത്തിറക്കുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. അതേസമയം 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിഷേധിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top