മഞ്ഞപ്പടയുടെ മുന്നേറ്റത്തിലെ കുന്തമുനയാകാന്‍ ദിമിതര്‍ ബെര്‍ബറ്റോവ്; ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചു

ദിമിതര്‍ ബെര്‍ബറ്റോവ

ലണ്ടന്‍ : ബള്‍ഗേറിയന്‍ സൂപ്പര്‍ സ്‌ട്രൈക്കറും, മാഞ്ചസ്റ്റര്‍ മുന്‍ താരവുമായ ദിമിതര്‍ ബെര്‍ബറ്റോവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പുവെച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ബള്‍ഗേറിയയുടെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായ ബെര്‍ബറ്റോവുമായി കരാറിലെത്തിയ കാര്യം ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.


കൊമ്പന്മാര്‍ക്കായി 2017-18 സീസണിലേക്കാണ് ബെര്‍ബറ്റേവ് ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകുകയെന്ന് ബെര്‍ബറ്റേവിന്റെ ഏജന്റ് അറിയിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുറമെ, ടോട്ടനം ഹോട്ട്‌സ്പറിന്റെയും മുന്‍ സ്‌ട്രൈക്കറാണ് ദിമിത്രി ബെര്‍ബറ്റോവ്.

ബള്‍ഗേറിയയുടെ സൂപ്പര്‍ സ്‌ട്രൈക്കറായ ബെര്‍ബറ്റോവ് 79 മല്‍സരങ്ങളില്‍ നിന്നായി 48 ഗോളുകള്‍ നേടിയിട്ടുണ്ട്. ഗ്രീക്ക് ക്ലബ്ബായ പാവോക് സലോനികയില്‍ നിന്ന് ബെര്‍ബറ്റോവ് 2016 ല്‍ പിന്‍വാങ്ങിയിരുന്നു.

2008 ല്‍ ടോട്ടനത്തില്‍ നിന്ന് 3.9 കോടി ഡോളര്‍ എന്ന റെക്കോഡ് തുകയ്ക്കാണ് ബെര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ചുവന്ന ചെകുത്താന്മാര്‍ക്കായി 108 പ്രീമിയര്‍ മല്‍സരങ്ങളില്‍ നിന്നായി 48 ഗോളുകളും ബെര്‍ബറ്റോവ് നേടിയിട്ടുണ്ട്. രണ്ട് ലീഗ് കിരീടനേട്ടങ്ങളിലും ബെര്‍ബറ്റോവ് പങ്കാളിയായി.

ഏഴു തവണ ബള്‍ഗേറിയയുടെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ താരമാണ് ബെര്‍ബറ്റോവ്. ബെയര്‍ ലെവര്‍കുസെന്‍, മൊണാകോ ടീമുകളിലും ബെര്‍ബറ്റോവ് കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹപരിശീലകനായിരുന്ന ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനെ മ്യൂളന്‍സ്റ്റിനുമായുള്ള പരിചയമാണ് ബെര്‍ബറ്റോവിനെ കൊമ്പന്മാരുടെ നിരയിലെത്തിച്ചത്.

നേരത്തെ മാഞ്ചസ്റ്റര്‍ പ്രതിരോധ താരം വെസ് ബ്രൗണിനെയും മ്യൂളന്‍സ്റ്റീന്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലെത്തിച്ചിരുന്നു. ഇയാന്‍ ഹ്യൂമും സി കെ വിനീതും അടങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയിലേക്ക് ലോകോത്തര താരം ബെര്‍ബറ്റോവിനെ കൂടി എത്തിച്ചതോടെ, ഐഎസ്എല്ലിലെ ഏറ്റവും ശക്തരായ ടീമായി മാറുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. ഒപ്പം കപ്പ് സ്വന്തം ഷോകേസില്‍ എത്തിക്കണമെന്ന നിശ്ചയ ദാര്‍ഢ്യത്തിലും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top