ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധുവും സൈനയും ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറകുകളേകി വനിതാ വിഭാഗത്തില്‍ സൂപ്പര്‍താരങ്ങളായ പിവി സിന്ധുവും സൈന നെഹ്‌വാളും പ്രീക്വാര്‍ട്ടറില്‍ കടന്നു. പുരുഷ വിഭാഗത്തില്‍ കെ ശ്രീകാന്തും, സായ് പ്രണീതും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്.

സ്വിസ് താരം സബ്രിന ജാക്വെട്ടിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍ 21-11, 21-12. വെറും 33 മിനിട്ടിലാണ് പന്ത്രണ്ടാം സീഡായ സൈന വിജയം കുറിച്ചത്. പ്രീക്വാര്‍ട്ടറില്‍ രണ്ടാം സീഡ് കൊറിയയുടെ സുങ് ജി ഹ്യുന്‍ ആണ് സൈനയുടെ എതിരാളി. പിവി സിന്ധു 21-16, 21-14 എന്ന സ്‌കോറിനാണ് കൊറിയയുടെ കിം ഹ്യു മിനിനെ തോല്‍പ്പിച്ചത്.

പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് അധികം വിയര്‍പ്പൊഴുക്കാതെയാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുന്നത്. ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയ്‌ക്കെതിരെ എതിരില്ലാത്ത ഗെയിമുകള്‍ക്കായിരുന്നു ശ്രീയുടെ വിജയം. സ്‌കോര്‍ 21-9, 21-17. ആദ്യ ഗെയിം അനായാസം നേടിയ ശ്രീക്ക് പക്ഷെ രണ്ടാം ഗെയിമില്‍ എതിരാളിയില്‍ നിന്ന് ശക്തമായ പോരാട്ടം നേരിടേണ്ടു വന്നു. 32 മിനിട്ടില്‍ മത്സരം അവസാനിച്ചു.

സായ് പ്രണീത് ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമാണ് വിജയം പിടിച്ചെടുത്തത്. ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയെ 14-21, 21-18, 21-19 എന്ന സ്‌കോറിനാണ് സായ് മറികടന്നത്. ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു സായിയുടെ വിജയം. മത്സരം ഒരുമണിക്കൂറും 12 മിനിട്ടും നീണ്ടുനിന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top