“സുറിയാനി ക്രിസ്ത്യാനി സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം കാണാതെ പോകരുത്”, മേരി റോയി കേസ് വിധിയുടെ ഗതി മുത്തലാഖ് വിധിക്ക് ഉണ്ടാകരുതെന്ന് സുജ സൂസന്‍ ജോര്‍ജ്ജ്

സുജ സൂസന്‍ ജോര്‍ജ്ജ്

മുത്തലാഖ് വിഷയത്തിലെ കോടതിയുടെ വിധി ഇന്ത്യയിലെ സ്ത്രീകളുടെ വിജയമാണെന്ന് സുജ സൂസന്‍ ജോര്‍ജ്ജ്. എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കപ്പെടാം എന്ന ഭീതിയുടെ കീഴില്‍നിന്നുള്ള മോചനമാണ് ലഭിക്കുന്നതെന്നും അവര്‍ കുറിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സുജ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുന്നത്.

വിധിയുടെ പശ്ചാത്തലത്തില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം കേരളത്തിലെ സുറിയാനി കൃസ്ത്യാനി സ്ത്രീകളുടേതാണ്. 1986 ല്‍ മേരി റോയി കേസില്‍ ചരിത്രപ്രധാനമായ വിധി ഉണ്ടായി. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ തുല്യാവകാശമുണ്ടെന്നതാണ് ആ വിധിയുടെ നിയമപരമായ ഫലം. പക്ഷേ, മതസമുദായ നിയന്ത്രണം കൈവശം വച്ചിരിക്കുന്ന പുരുഷാധിപത്യം, വിധി വന്നു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ വിധി ഫലത്തില്‍ വരുത്താതിരിക്കാന്‍ വിജയിച്ചു. അവര്‍ കുറിച്ചു.

സുജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ വായിക്കാം

മുത്തലാക്ക് നിയമപരമല്ലാതാകുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ ഒരു വലിയ വിജയമാണ്.

മുത്തലാക്കിൻറെ ഗുണം പുരുഷന്മാർക്ക് മാത്രമായിരുന്നു. എപ്പോൾ വേണമെങ്കിലും ലാഘവത്തോടെ ഉപേക്ഷിക്കപ്പെടാവുന്ന ആളാണ് താൻ എന്ന ഭീഷണിയുടെ കീഴിൽ മുസ്ലിം സ്ത്രീകളെ നിറുത്താമെന്നതായിരുന്നു മുത്തലാക്കിൻറെ ഫലം. അതിനെതിരായി പോരാടിയ എല്ലാവർക്കും പ്രത്യേകിച്ചും കോടതിയിൽ പോയ മുസ്ലിം സ്ത്രീകൾക്ക് എൻറെ അഭിവാദനങ്ങൾ.

കോടതി വിധിയുടെ ചരിത്രപരമായ പ്രാധാന്യം ഒട്ടും കുറച്ചു കാണാതെ തന്നെ ഒരു കാര്യം കൂടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു. മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമത്താൽ വിവേചനം അനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സ്ത്രീകൾ. 1986 ൽ മേരി റോയി കേസിൽ ചരിത്രപ്രധാനമായ വിധി ഉണ്ടായി. ക്രിസ്ത്യൻ സ്ത്രീകൾക്ക് പിതൃസ്വത്തിൽ തുല്യാവകാശമുണ്ടെന്നതാണ് ആ വിധിയുടെ നിയമപരമായ ഫലം.

പക്ഷേ, മത-സമുദായ നിയന്ത്രണം കൈവശം വച്ചിരിക്കുന്ന പുരുഷാധിപത്യം, വിധി വന്നു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ വിധി ഫലത്തിൽ വരുത്താതിരിക്കാൻ വിജയിച്ചു. മുത്തലാക്ക് സംബന്ധിച്ച ഈ വിധിക്ക് ഈ ഗതി വരാതിരിക്കാൻ സ്ത്രീകൾ ഇനിയും ഉണർന്നിരിക്കേണ്ടി വരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top