ലിംഗനീതിയിലേക്കുള്ള പുതിയ ചുവടുവെപ്പാണ് മുത്തലാഖിലെ വിധി: കേന്ദ്രമന്ത്രി മനേക ഗാന്ധി

ദില്ലി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രിം കോടതിയുടെ ചരിത്രപരമായ വിധി രാജ്യത്ത് ലിഗംനീതിയിലേക്കും സമത്വത്തിലേക്കുമുള്ള പുതിയ ചുവടുവെപ്പാണെന്ന് കേന്ദ്ര ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വിധി സ്ത്രീകളെ സംബന്ധിച്ച് വളരെ നല്ലതാണെന്നും മന്ത്രി പ്രതികരിച്ചു.

“ഇതൊരു മികച്ച വിധിയാണ്. ഒപ്പം രാജ്യത്തെ ലിംഗനീതിയിലേക്കും സമത്വത്തിലേക്കുമുള്ള പുതിയ ചുവടുവെപ്പാണ്. ഇത് സ്ത്രീകള്‍ക്ക് ഗുണകരമായ വിധിയാണ്. പാര്‍ലമെന്റ് നടപ്പിലാക്കേണ്ട നിയമനിര്‍മാണത്തെ കുറിച്ച് ചര്‍ച്ച നടത്തും”. മന്ത്രി പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് വിഷയത്തില്‍ വിധി പറഞ്ഞത്. ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് നയമവിരുദ്ധമെന്ന് വിധിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് പേര്‍ ഇതിനോട് വിയോജിച്ചു.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഇതിനോട് വിയോജിച്ചു. മുത്തലാഖ് ആറുമാസത്തേക്ക് നിരോധിക്കണമെന്നും ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിക്കാനാകില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഒരുമിച്ച് മൂന്ന് തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ശരിയല്ലെന്നും ഇതിന് നിയമസാധുതയില്ലെന്നുമാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നത്. ഇത് അസാധുവും നിയമവിരുദ്ധവുമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top