ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ ശ്രീകാന്ത്, സമീര്‍ വര്‍മ എന്നിവരും മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് സായ്‌രാജ്-മനീഷ സഖ്യവും ആദ്യ റൗണ്ടില്‍ അനായാസ വിജയം സ്വന്തമാക്കി. ഉറച്ച മെഡല്‍ പ്രതീക്ഷകളുമായാണ് ഇന്ത്യ ഇത്തവണ ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങിയിരിക്കുന്നത്.

രണ്ടാം ദിനമായ ഇന്ന് പുരുഷ വിഭാഗം സിംഗിള്‍സില്‍ അജയ് ജയറാം, സായ് പ്രണീത്, മിക്‌സഡ് ഡബിള്‍സില്‍ സുമിത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം എന്നിവര്‍ കളത്തിലിറങ്ങും. പിവി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവര്‍ക്ക് ആദ്യ മത്സരത്തില്‍ ബൈ ലഭിച്ചിട്ടുണ്ട്.

ഇന്തോനേഷ്യന്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസുകളില്‍ കിരീടം നേടിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ശ്രീകാന്ത് റഷ്യയുടെ സെര്‍ജി സിറന്റിനെ എതിരില്ലാത്ത ഗെയിമുകള്‍ക്കാണ് തകര്‍ത്തത്. സ്‌കോര്‍ 21-13, 21-12. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ശ്രീകാന്തിന് എതിരാളിയില്‍ നിന്ന് വെല്ലുവിളി നേരിട്ടില്ല. ആദ്യ ഗെയിമില്‍ 6-1 നും ഇടവേളയ്ക്ക് 11-6 നും മുന്നിട്ട് നിന്ന ശ്രീ ഏഴ് പോയിന്റുകള്‍ കൂടി നഷ്ടപ്പെടുത്തി ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 11-5, 15-9 എന്നീ നിലകളില്‍ ലീഡെടുത്ത ഇന്ത്യന്‍ താരം 21-12 ന് ഗെയിമും മത്സരവും സ്വന്തമാക്കി.

സ്‌പെയിനിന്റെ പാബ്ലോ അബിയാനെയാണ് സമീര്‍ വര്‍മ മറികടന്നത്. സമീര്‍ 21-8, 17-4 എന്ന സ്‌കോറിന് മുന്നിട്ട് നില്‍ക്കെ എതിരാളി പരുക്ക് മൂലം മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ സായ്‌രാജ്-മനീഷ സഖ്യം ഹോങ്കോംഗിന്റെ താം സുന്‍ഹെ-ടി സായു സഖ്യത്തെ 24-22, 21-17 എന്ന സ്‌കോറിനാണ് മറികടന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top