കേരളത്തില്‍ മലയാള ചിത്രങ്ങള്‍ക്കുപോലും ലഭിക്കാത്ത വമ്പന്‍ റിലീസിനൊരുങ്ങി വിവേഗം; 120 കോടി മുതല്‍മുടക്കുള്ള ചിത്രം റെക്കോര്‍ഡുകള്‍ കടപുഴക്കിയേക്കും

വിവേഗത്തില്‍ അജിത്‌

ഒരിടവേളയ്ക്കുശേഷം അജിത് വിവേഗവുമായി വരുമ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് വിവേഗം തിയേറ്ററുകളിലെത്തുന്നത്. 300 തിയേറ്ററുകളില്‍ കുറഞ്ഞത് കേരളത്തില്‍ ചിത്രമെത്തും. റിലീസിംഗ് സെന്ററുകളില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 24ന് ചിത്രം തീയേറ്ററുകളെ പ്രകമ്പനം കൊളളിക്കും.

അപൂര്‍വമായി മാത്രമേ ഒരു തമിഴ് ചിത്രത്തിന് മലയാള ചിത്രങ്ങളേക്കാള്‍ വലിയ റിലീസ് ലഭിക്കാറുള്ളൂ. അത് രജനികാന്ത് വരുമ്പാഴാണ് ഇത്രയും തിയേറ്റര്‍ ലഭിക്കാറുള്ളത്. തെലുങ്ക് ചിത്രം ബാഹുബലിക്കും മികച്ച വരവേല്‍പ്പാണ് കേരളത്തില്‍ ലഭിച്ചത്. മിക്കവാറും ബാഹുബലിയുടേയും കബാലിയുടേയും റെക്കോര്‍ഡുകള്‍ വിവേഗത്തിന് വഴിമാറാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.

പല കാര്യങ്ങളാണ് സാഹചര്യം തലയ്ക്ക് അനുകൂലമാക്കുന്നത്. ഒന്നാമത് നിലവിലെ മലയാളം റിലീസുകളോടുള്ള തണുപ്പന്‍ പ്രതികരണമാണ്. ദിലീപിന്റെ ജയില്‍വാസം സൃഷ്ടിച്ച മടുപ്പില്‍നിന്ന് പ്രേക്ഷകന്‍ കരകയറണമെങ്കില്‍ ഒരു സൂപ്പര്‍താര ചിത്രം റിലീസ് ചെയ്ത് മികച്ച പ്രതികരണം നേടിയേ പറ്റൂ. എന്നാല്‍ തമിഴ് ചിത്രങ്ങള്‍ കാണുന്ന പ്രേക്ഷകര്‍ തമിഴ് ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണം നല്‍കുന്നുണ്ട്. വിക്രം വേദ ഉദാഹരണം.

ഓണക്കാലത്തുള്ള റിലീസും വിവേഗത്തിന് ഗുണം ചെയ്യും. ഒരാഴ്ച്ച തിയേറ്ററില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ ഓണക്കാല പ്രേക്ഷകര്‍ ചിത്രത്തിന് ലഭിക്കും പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍കൂടി ചിത്രത്തിന് ലഭിച്ചാല്‍ ബ്ലോക്ബസ്റ്ററായി മാറാന്‍ വിവേഗത്തിന് കഴിയും. 120 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ഇത് ആദ്യ ആഴ്ച്ചത്തന്നെ മറികടന്ന് ലാഭത്തിലേക്കാക്കാനാണ് അണിയറയില്‍നിന്നുള്ള ശ്രമം. പ്രമുഖ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടത്തിന്റെ മുളകുപാടം ഫിലിംസാണ് കേരളത്തില്‍ ചിത്രം റിലീസിനെടുത്തിരിക്കുന്നത്.

അജിത്തിന്റെ അഭിനയ ജീവിതത്തിലെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വിവേകം പുറത്തിറങ്ങുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവ എന്ന സംവിധായകനൊപ്പം അജിത് സഹകരിക്കുന്ന തുടര്‍ച്ചയായി രണ്ടാമത്തെ ചിത്രം, ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലനായി അഭിനയിക്കുന്നു എന്നിങ്ങനെയുള്ള പ്രത്യേകതകളു ചിത്രത്തിലുണ്ട്.

കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് സംഗീതം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്. ചിത്രത്തില്‍ അജിത് ഒരു ഇന്റര്‍ പോള്‍ ഓഫീസറായാണ് വേഷമിടുന്നത്. ചിത്രത്തിലെ ചില ബൈക്ക് സ്റ്റണ്ട് സീനുകള്‍ ഉള്‍പ്പെടെ അജിത് ഡ്യൂപ്പില്ലാതെ അഭിനയിച്ചതും വാര്‍ത്തയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top