പാതി ഡച്ച്, പാതി ഗ്രീക്ക്; ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ ‘കൊച്ച്’ സ്‌ട്രൈക്കര്‍; ആരാധകര്‍ക്ക് റെനെയുടെ സമ്മാനം

മാര്‍ക്ക് സിഫ്‌നിയോസ്

മുപ്പത്തിയഞ്ച് വയസില്‍ കൂടുതല്‍ പ്രായമുള്ള കളിക്കാരെ എടുത്തപ്പോള്‍ നെറ്റി ചുളിച്ച ആരാധര്‍ക്ക് പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു മികച്ച സമ്മാനം നല്‍കി കോച്ച് റെനെ മൊളന്‍സ്റ്റീന്‍. വെറും 18 വയസ് മാത്രം പ്രായമുള്ള മാര്‍ക്ക് സിഫ്‌നിയോസാണ് ഇപ്പോള്‍ ടീമിലെത്തിയിരിക്കുന്നത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ പേജുകളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടത്.

ഗ്രീക്ക് വംശജനായ മാര്‍ക്ക് സിഫ്‌നിയോസ് നെതര്‍ലന്റിലാണ് കളിപഠിച്ചതും വളര്‍ന്നതും. ഡച്ച് ക്ലബ്ബായ ആര്‍കെസി വാല്‍വിക്കില്‍നിന്നാണ് മാര്‍ക്ക് എത്തുന്നത്. കോച്ച് റെനെ നെതര്‍ലന്റില്‍ കണ്ടുവച്ച ആയുധമാണ് മാര്‍ക്ക് എന്നതിന് സംശയമില്ല. ഇദ്ദേഹം സാഹചര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നാല്‍ വര്‍ഷങ്ങളോളം കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി നില്‍ക്കാന്‍ സാധ്യതയുണ്ട്. ജോസുവിന്റെ അസാന്നിധ്യത്തില്‍ ആരാധക മനസുകളിലേക്ക് ഏറ്റവും നന്നായി കയറിപ്പറ്റാന്‍ മാര്‍ക്കിനാകും.

ഇതോടെ ഒന്നിനുപിറകെ ഒന്നൊന്നായി അഞ്ച് വിദേശ താരങ്ങള്‍ ക്ലബ്ബിലെത്തിയിട്ടുണ്ട്. മികച്ച കഴിവുള്ള സ്വയം തെളിയിച്ച താരങ്ങളാണിവര്‍. ഐഎസ്എല്‍ ടീമുകളെ ആകെ നോക്കിയാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒരു വ്യത്യസ്തത കാണാന്‍ സാധിക്കും. ഒരു ലോക നിലവാരത്തിലുള്ള ടീമിനെയാണ് ഒരു ഇന്ത്യന്‍ ലീഗിനുവേണ്ടി മാനേജ്‌മെന്റ് വാര്‍ത്തെടുത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുള്ള ചുവന്ന ചെകുത്താന്‍മാരുടെ റീയൂണിയന്‍ ആവുകയാണ് ബ്ലാസ്‌റ്റേഴ്‌സ് എന്ന് വിദേശ മാധ്യമങ്ങള്‍ പോലും പറയുന്നു.

എന്നാല്‍ നിലവില്‍ ആരാധകരുടെ സംശയം മറ്റൊരു കാര്യത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. അത് ഫോര്‍വേര്‍ഡുകളെ സംബന്ധിച്ചാണ്. നല്ല ഒരു മിഡ്ഫീല്‍ഡറെ കണ്ടെത്തേണ്ട ആവശ്യമുണ്ട് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തവണ മെഹ്താബിനെ ആവശ്യത്തിലധികം ആശ്രയിക്കേണ്ട അവസ്ഥ ടീമിനുണ്ടായിരുന്നു. എന്നാല്‍ സ്വപ്‌നങ്ങളെല്ലാം റെനെച്ചായനെ ഏല്‍പ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹം വേണ്ടതെല്ലാം നോക്കിക്കോളും എന്ന ശുഭ പ്രതീക്ഷയിലാണ് ആരാധക ക്യാമ്പുകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top