ഭര്‍തൃവീട്ടില്‍ ശൗചാലയം ഇല്ലാത്തതിന് യുവതിക്ക് കോടതി വിവാഹമോചനം അനുവദിച്ചു

ദില്ലി: ഭര്‍തൃവീട്ടില്‍ ശൗചാലയം ഇല്ലാത്തതിന് ഭര്‍തൃവീട് വിട്ടിറങ്ങിയ യുവതിയെ അഭിനന്ദിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഏറെ പ്രസിദ്ധമായ പരസ്യം മുന്നോട്ടുവയ്ക്കുന്ന ആശയം യഥാര്‍ത്ഥ്യമായി രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍.

ഭര്‍ത്താവ് ശൗചാലയം നിര്‍മിച്ചുനല്‍കാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ കഴിയാന്‍ കഴിയില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. വിവാഹബന്ധം ഒഴിയാന്‍ കുടുംബകോടതി ജഡ്ജി രാജേന്ദര്‍ കുമാര്‍ ഉത്തരവിട്ടു. വീട്ടില്‍ ശൗചാലയം ഇല്ലാത്തതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2015 ലാണ് യുവതി കുടുംബകോടതിയെ സമീപിച്ചത്. രണ്ടുവര്‍ഷത്തോളം നീണ്ട വാദങ്ങള്‍ക്കൊടുവില്‍വെള്ളിയാഴ്ച വിവാഹമോചനം കോടതി അനുവദിക്കുകയായിരുന്നു.

2011 ലാണ് വിവാഹം കഴിഞ്ഞതെന്നും എന്നാല്‍ ഇതുവരെ ഭര്‍ത്താവ് ശൗചാലയം നിര്‍മിച്ചു നല്‍കിയില്ലെന്നും യുവതി വിവാഹമോചന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക കൃത്യങ്ങളടക്കം നിര്‍വഹിക്കാന്‍ രാത്രിയാകേണ്ട സ്ഥിതിയാണെന്നും യുവതി പറയുന്നു. വീട്ടില്‍ ശൗചാലയം നിര്‍മിക്കണമെന്ന താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് പരിഗണിച്ചില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.

പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് രാത്രി വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളതെന്നും അല്ലാത്തപക്ഷം പൊതുസ്ഥലത്ത് പകല്‍വെളിച്ചത്തില്‍ ഇത് ചെയ്യേണ്ടിവരുന്നത് തനിക്ക് അഭിമാനക്ഷതത്തിന് കാരണമാകുന്നുവെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. യുവതി പറഞ്ഞ സാഹചര്യം വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും ഭര്‍തൃവീട്ടില്‍ അഭിമാനക്ഷതമുണ്ടാകുന്നതിനാല്‍ വിവാഹമോചനം അനുവദിക്കുന്നുവെന്നുമാണ് കുടുംബകോടതി വ്യക്തമാക്കിയത്.

വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടില്‍ എത്തിയതുമുതല്‍ ശൗചാലയം നിര്‍മിക്കണമെന്ന ആവശ്യം യുവതി ഉന്നയിച്ചു. കൂടാതെ വീട്ടില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കുമായി ഒരു മുറി നിര്‍മിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളിയായ ഭര്‍ത്താവ് ഇതിന് തയാറായില്ല. തന്റെ സാമ്പത്തികാവസ്ഥ ശൗചാലയമോ പ്രത്യേകം മുറിയോ നിര്‍മിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ ന്യായീകരണം. ഗ്രാമത്തിലെ മറ്റ് വീടുകളിലെ സ്ത്രീകള്‍ക്കൊന്നും ഇത്തരം സൗകര്യങ്ങളില്ലെന്നും അവരെപ്പോലെ ജീവിച്ചാല്‍ മതിയെന്നുമായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. ഇതേതുടര്‍ന്നാണ് 2015 ല്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മദ്യവും സിഗരറ്റും മൊബൈല്‍ ഫോണുകളും വാങ്ങാന്‍ നമ്മള്‍ ധാരാളം പണം ചെലവഴിക്കുന്നുണ്ട്. എന്നാല്‍ വീട്ടുകാരുടെ അഭിമാനം സംരക്ഷിക്കാന്‍ നമ്മള്‍ തയാറാകുന്നില്ലെന്നും വിവാഹമോചനം അനുവദിച്ചുകൊണ്ട് കുടുംബകോടതി നിരീക്ഷിച്ചു. ഇത്തരം നടപടികള്‍ സ്ത്രീകളുടെ അന്തസിന് നേരെയുള്ള ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് 24 വയസുകാരിയായ യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top