ത്രിരാഷ്ട്ര ഫുട്‌ബോള്‍ : മൗറീഷ്യസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

റോബിന്‍ സിംഗിന്റെ ആഹ്ലാദപ്രകടനം

മുംബൈ : ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൗറീഷ്യസിനെതിരെ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ഇന്ത്യയ്ക്കു വേണ്ടി റോബിന്‍ സിങ്ങും ബല്‍വന്ത് സിങ്ങും ഗോള്‍ നേടി.


15 ആം മിനുട്ടില്‍ മെര്‍വിന്‍ ജോസ്ലിന്‍ നേടിയ ഗോളിലൂടെ മൊറീഷ്യസാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 37 ആം മിനുട്ടില്‍ റോബിന്‍ സിംഗിലൂടെ ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചെത്തി. റോളിന്‍ ബോര്‍ജസിന്റെ പാസ്സ് റോബിന്‍ മൗറീഷ്യസ് വലയിലെത്തിക്കുകയായിരുന്നു.

ഇടവേളയ്ക്കുശേഷം യുവതാരം നികില്‍ പൂജാരി, ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിങ്, ബല്‍വന്ത് സിങ് എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ പകരക്കാരായി ഇറങ്ങി. ബല്‍വന്തിനെ കളത്തിലിറക്കാനുള്ള കോച്ചിന്റെ നീക്കം ഫലം കണ്ടു. 62 ആം മിനിറ്റില്‍ ബല്‍വന്ത് നേടിയ ഗോളോടെ ഇന്ത്യ വിജയം സ്വന്തമാക്കി.

ബുധനാഴ്ച സെന്റ് കീറ്റ്‌സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. മൗറീഷ്യസിനെതിരായ വിജയത്തോടെ, അവസാനം കളിച്ച ഒമ്പത് മത്സരത്തിലും ഇന്ത്യ തോറ്റിട്ടില്ല എന്ന സവിശേഷത നിലനിര്‍ത്താനായി. പ്രതിരോധ നിര താരം സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ നിര മൗറീഷ്യസിനെതിരെ ഇറങ്ങിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top