special page

പോള്‍ റൗബ്ക കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍; ആരാധകര്‍ക്ക് കനത്ത നിരാശ

പോള്‍ റൗബ്ക

കൊമ്പന്മാരുടെ ഗോള്‍ വല കാക്കാനെത്തുന്നത് മുന്‍ മാഞ്ചസ്റ്റര്‍ താരം പോള്‍ റൗബ്ക. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മാഞ്ചസ്റ്റര്‍ താരങ്ങളാല്‍ സമ്പന്നമായി. എന്നാല്‍ പോളുമായുള്ള കരാറില്‍ ടീമിന്റെ ഒരു വിഭാഗം ആരാധകര്‍ നിരാശയിലാണ്. കാരണം കരിയറില്‍ ഒരു നേട്ടമോ സല്‍പേരോ സൃഷ്ടിക്കാനാവാത്ത താരമാണ് പോള്‍ എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

2007-2008 സീസണില്‍ ബ്ലാക് പൂള്‍ ക്ലബ്ബിന്റെ ഏറ്റവും മികച്ച താരമായതാണ് കരിയറിലെ ഏക നേട്ടം. നിരന്തരം കൂടുമാറിക്കളിക്കുന്ന പോളിന്റെ 18ാം ക്ലബ്ബാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്നുപറയുമ്പോള്‍ത്തന്നെ ഒരു കളിക്കാരന്‍ അളക്കപ്പെടും. ഇതുവരെ കളിച്ച മിക്ക ക്ലബ്ബിലും ചീത്തപ്പേരല്ലാതെ മറ്റൊന്നും സൃഷ്ടിച്ചിട്ടില്ല. 1997 മുതല്‍ 2002 വരെ മാഞ്ചസ്റ്ററില്‍ ഉണ്ടായിരുന്നുവെങ്കിലും ഒരൊറ്റ കളിയില്‍ മാത്രമേ ഗോള്‍വല കാക്കേണ്ടിവന്നുള്ളൂ.

ലീഡ്‌സ് യുണൈറ്റഡിന്റ 97 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം കളിക്കാരനായി കാണികള്‍ തെരഞ്ഞടുത്തത് പോളിനെയായിരുന്നു. അവസാന കളിയില്‍ സ്വന്തം പിഴവുമൂലം മൂന്ന് ഗോളുകള്‍ വഴങ്ങിയതിനാല്‍ ആദ്യ പകുതിയില്‍ തന്നെ പോളിനെ പിന്‍വലിക്കേണ്ടിവന്ന അവസ്ഥ വന്നു. സ്ഥിരമായി വരുത്തിയ ഇത്തരം ഗുരുതരമായ പിഴവുകളാണ് ക്ലബ്ബിന്റെ ആരാധകരെ അത്രയും ചൊടിപ്പിച്ചത്.

അലക്‌സ് ഫെര്‍ഗൂസണ് കീഴില്‍ കളിച്ച ഏറ്റവും മോശം കളിക്കാരുടെ ബ്ലീച്ച് റിപ്പോര്‍ട്ടിന്റെ പട്ടികയിലും ആദ്യ അഞ്ചില്‍ പോളുണ്ട്. അവസാനം കളിച്ച ബറിയിലും ആകെയിറങ്ങിയ ഒരു കളിയില്‍ മൂന്ന് ഗോള്‍ വഴങ്ങിയ മോശം പ്രകടനം. പിന്നീടാണ് ബ്ലാസ്റ്റേഴ്‌സ് വിളിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഇക്കാര്യം സ്ഥിരീകരിച്ചു.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പ്രതാപം അവസാനിച്ച കളിക്കാര്‍ വിനോദ യാത്രയ്ക്ക് വരുന്ന ഒരു സ്ഥലമായി ഐഎസ്എല്‍ ടീമുകള്‍ മാറരുത് എന്നാണത്. പിന്നെ ടീമിന്റെ അസിസ്റ്റന്റ് കോച്ച് പറഞ്ഞു, യുവ രക്തങ്ങളെ ഉള്‍പ്പെടുത്തുമെന്നും നാല് വര്‍ഷം കൊണ്ട് ബ്ലാസ്റ്റേഴ്‌സിനെ ഒരു അന്താരാഷ്ട്ര ബ്രാന്റ് ആക്കി മാറ്റുമെന്നും.

എന്നാല്‍ പുതുതായി ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയ ബെര്‍ബെറ്റോവ് (36), പോള്‍ റൗബ്ക (36), വെസ് ബ്രൗണ്‍ (37) എന്നിവരെല്ലാം എത്ര കാലം ടീമില്‍ നെടുന്തൂണുകളായി ഉണ്ടാകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ടീം ഏറ്റവും മോശമായി കിടന്ന സീസണുകളിലും ടീമിന് ചങ്കുപറിച്ചുനല്‍കിയ ആരാധകരോട് നേരത്തെ വന്ന പ്രഖ്യാപനങ്ങളുമായി ഈ വിവരം ഒത്തുപോകുമോ എന്നുള്ള കാര്യം ബോധ്യപ്പെടുത്താന്‍ ടീം മാനേജ്‌മെന്റിന് ബാധ്യതയുണ്ടെന്നും ഒരു വലിയ വിഭാഗം ആരാധകര്‍ ആവശ്യപ്പെടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top