കൊമ്പന്മാര്‍ക്കുവേണ്ടിയെത്തിയത്‌ ചുവന്ന ചെകുത്താന്മാരുടെ രാജാവ്; ഇനി മഞ്ഞപ്പടയുടെ മുന്നേറ്റ നിരയിലെ കുന്തമുന: ദിമിതര്‍ ബെര്‍ബെറ്റോവ് (വീഡിയോ)

ദിമിതര്‍ ബെര്‍ബെറ്റോവ്

കൊച്ചി: കഴിഞ്ഞ സീസണുകളിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി വിലയിരുത്തിയവരെല്ലാം മനസിലാക്കിയ ഒരു കാര്യമാണ് മാനേജ്‌മെന്റിന്റെ കാശുമുടക്കാനുള്ള പിശുക്ക്. എന്നാല്‍ ഇത്തവണ എല്ലാ മുന്‍വിധികളും മാറ്റിമറിച്ച് മാനേജ്‌മെന്റ് പണം വാരിയെറിയുകയാണ്. ഇതോടെ ലോക നിലവാരത്തിലുള്ള കളി പുറത്തെടുക്കുന്ന പല താരങ്ങള്‍ക്കും ബ്ലാസ്റ്റേഴ്‌സിലേക്ക് വരാമെന്നായി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രമുഖ കളിക്കാരനായ ദിമിതര്‍ ബെര്‍ബറ്റോവാണ് ടീമിലെ ഏറ്റവും വിലയേറിയ താരം. മാഞ്ചസ്റ്ററിനുവേണ്ടി കളിച്ച ഇതിഹാസ താരങ്ങളിലൊരാളാണ് ബര്‍ബറ്റോവ്. വണ്‍ ടച്ചുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച താരവും ബര്‍ബറ്റോവ് തന്നെ. കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനെ മൊളസ്റ്റീനുമായുള്ള സൗഹൃദമാണ് ബെര്‍ബറ്റോവിനേയും ടീമിലെത്തിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 149 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബെര്‍ബറ്റോവ് 56 ഗോളുകള്‍ നേടിയിട്ടുണ്ട്. യുണൈറ്റഡിനായി രണ്ടുതവണ പ്രീമിയര്‍ ലീഗും രണ്ടുതവണ എഫ്എ കപ്പും നേടി. ഒരു തവണ ലീഗ് കപ്പും ലഭിച്ചിട്ടുണ്ട്. സ്വന്തം രാജ്യമായ ബള്‍ഗേറിയയ്ക്കുവേണ്ടി 78 കളികള്‍ക്ക് ബൂട്ടുകെട്ടിയ താരം 48 ഗോളുകളും നേടിയിട്ടുണ്ട്.

ഇത്തവണ മാര്‍ക്വീ താരങ്ങളുമായുള്ള കരാര്‍ വേണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. ചെലവ് പരമാവധി കുറയ്ക്കാനുള്ള ഒരു അവസരമാണ് ഇതിലൂടെ ഐഎസ്എല്‍ മാനേജ്‌മെന്റ് ടീം മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയത്. വിദേശ താരങ്ങള്‍ക്കായി മുടക്കാവുന്ന പരമവധി തുകയായ 12 കോടി എന്നത് മാര്‍ക്വീ താരങ്ങള്‍ക്ക് ബാധകമല്ലായിരുന്നു. അതുകൊണ്ടുതന്നെ എത്ര കോടി വേണമെങ്കിലും മാര്‍ക്വീ താരങ്ങള്‍ക്കായി ചെലവഴിക്കാം. ഇത്തവണ മാര്‍ക്വീ താരത്തെ ഒഴിവാക്കുകവഴി ടീമുകളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കാം എന്നായിരുന്നു ഐഎസ്എല്‍ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ മാര്‍ക്വീ താരങ്ങളെ വേണം എന്ന നിലപാടില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ദിമിത്രി ബെര്‍ബറ്റോവിനുവേണ്ടി മാത്രം വാരിയെറിഞ്ഞത് 1.1 മില്യണ്‍ ഡോളറാണ്. അതായത് 7 കോടി രൂപയ്ക്കുമുകളില്‍. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ തന്നെ വിറപ്പിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. സച്ചിനും മറ്റു വമ്പന്മാരും പണം മുടക്കാന്‍ പിശുക്കരാണോ എന്ന ചോദ്യങ്ങള്‍ നേരത്തെ ഉന്നയിച്ചവരുടെ വായടപ്പിച്ചിരിക്കുകയാണ് വിദേശ താരങ്ങളുമായുള്ള ഈ കരാറുകള്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരമായ വെസ് ബ്രൗണുമായുള്ള കരാറും ലോക ഫുട്‌ബോള്‍ പ്രേമിരകളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനുവേണ്ടിയും കോടികളാണ് ടീം മുടക്കിയത്. ഐഎസ്എല്ലിലെ ഏറ്റവും ആരാധക പിന്തുണയുള്ള ടീം ഇതെല്ലാം അര്‍ഹിക്കുന്നുവെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇത്തവണ കപ്പടിക്കാതെ മറ്റൊരു ഒപ്ഷനില്ല ബ്ലാസ്റ്റേഴ്‌സിന്.

ബെര്‍ബറ്റോവിന്റെ കളിമികവ് ചൂണ്ടിക്കാട്ടുന്ന ഏതാനും വീഡിയോകള്‍ താഴെ കാണാം



ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top