ബെല്‍ഫോര്‍ട്ടിനെ കോപ്പല്‍ റാഞ്ചി; സ്തബ്ധരായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാഴ്ത്തി മറ്റൊരു ദു:ഖവാര്‍ത്തകൂടി പുറത്തുവന്നു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിരയുടെ കുന്തമുനയായ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് ഇത്തവണ ടാറ്റാ ജംഷജ്പൂര്‍ ടീമില്ക്ക് കുടിയേറുന്നുവെന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി 15 കളികളിലായി മൂന്ന് നിര്‍ണായക ഗോളുകള്‍ നേടിയ താരമാണ് ബെല്‍ഫോര്‍ട്ട്.

അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സേറ എഫ്‌സിയില്‍ നിന്നാണ് ബെല്‍ഫോര്‍ട്ട് ഇപ്പോള്‍ ടാറ്റ ജംഷഡ്പൂരിലേക്ക് വരുന്നത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ വച്ചുണ്ടായ പരിചയത്താല്‍ ബെല്‍ഫോര്‍ട്ടിനെ സ്റ്റീവ് കോപ്പലാണ് ടീമിലേക്കെത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ സീസണിലെ കേരളാ കോച്ച് സ്റ്റീവ് കോപ്പല്‍ ജംഷഡ്പൂരിലേക്ക് പോകുന്നതും വാര്‍ത്തയായിരുന്നു.

ഇരുടീമുകളുടെയും സോഷ്യല്‍ മീഡിയാ പേജുകളില്‍ ആരാധകര്‍ പരാതിയും പരിഭവങ്ങളും പറയുകയാണ്. ജംഷഡ്പൂരിന്റെ പേജിലും മലയാളികളുടെ കമന്റുകളാണ് കൂടുതല്‍. ജംഷഡ്പൂരിനെ ജൂനിയര്‍ കേരളാ ടീം എന്നുവിളിക്കാമെന്ന് ആക്ഷേപമുയരുന്നുണ്ട്. കോപ്പല്‍ ആശാനേ എന്നുവിളിച്ച നാവുകൊണ്ട് കോപ്പി ആശാനേ എന്നുവിളിപ്പിക്കരുത് എന്നും ആരാധകര്‍ അറിയിക്കുന്നു.

നേരത്തെ മിന്നുംതാരം ജോസുവിനേയും ലഭിക്കില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനുപുറമെയാണ് ബെല്‍ഫോര്‍ട്ടിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം സെഡ്രിക് ഹെങ്‌ബെര്‍ട്ട് ബ്ലാസ്റ്റേഴ്‌സിലേക്ക് വിളിക്കാത്തതില്‍ സങ്കടം പ്രകടിപ്പിച്ചിരുന്നു. ഇതോടെ ജംഡ്പൂരില്‍ മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നിറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top