ഫെഡറര്‍ സിന്‍സിനാറ്റിയില്‍ നിന്ന് പിന്‍മാറി; നദാല്‍ ലോക ഒന്നാം നമ്പറിലേക്ക്

സ്‌പെയിനിന്റെ റഫേല്‍ നദാല്‍ പുരുഷ വിഭാഗം ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തും. സ്വിസ് താരം റോജര്‍ ഫെഡറര്‍ ഈ ആഴ്ച ആരംഭിക്കുന്ന സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതോടെയാണ് നദിലാന് അസുലഭ അവസരം കൈവന്നിരിക്കുന്നത്.

ഓഗസ്റ്റ് 21 ന് പുറത്തിറങ്ങുന്ന റാങ്കിംഗില്‍ നദാല്‍ തലപ്പത്തുണ്ടാകും. നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നദാല്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 2014 ജൂലൈ ആറിന് ശേഷം നദാല്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. 2008 ഓഗസ്റ്റ് ഒന്നിനാണ് നദാല്‍ ആദ്യമായി ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയത്. 141 ആഴ്ച ലോക ഒന്നാം നമ്പര്‍ സ്ഥാനം അലങ്കരിക്കാന്‍ നദാലിന് സാധിച്ചു.

നിലവില്‍ ബ്രിട്ടന്റെ ആന്റി മറെയാണ് ഒന്നാം സ്ഥാനത്ത്. നദാല്‍ രണ്ടാമതും ഫെഡറര്‍ മൂന്നാമതുമാണ്. ഫെഡറര്‍ സിന്‍സിനാറ്റിയില്‍ പങ്കെടുക്കുകയും കിരീടം നേടുകയും ചെയ്തിരുന്നെങ്കില്‍ ഒന്നാം റാങ്ക് സ്വന്തമാക്കുമായിരുന്നു. ഫെഡറര്‍ പരാജയപ്പെടുകയും നദാല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നെങ്കില്‍ സ്പാനിഷ് താരം റാങ്കിംഗില്‍ മുന്നിലെത്തുമായിരുന്നു. എന്നാല്‍ ഇനി കിരീടം നഷ്ടപ്പെട്ടാലും നദാലിന് ഒന്നാം സ്ഥാനത്തെത്താം.

ഫെഡറര്‍ക്ക് ഇനി ഒന്നാംസ്ഥാനം സ്വന്തമാക്കണമെങ്കില്‍ വര്‍ഷത്തെ അവസാന ഗ്രാന്റ് സ്ലാമായ യുഎസ് ഓപ്പണില്‍ മുത്തമിടണം. ഓഗസ്റ്റ് 28 നാണ് യുഎസ് ഓപ്പണ്‍ ആരംഭിക്കുന്നത്.

സിന്‍സിനാറ്റിയില്‍ ഏഴുതവണ കിരീടം നേടിയിട്ടുള്ള ഫെഡറര്‍ പുറംവേദനയെ തുടര്‍ന്നാണ് ഇത്തവണ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അവസാനിച്ച മോണ്‍ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ഫെഡറര്‍ റണ്ണറപ്പ് ആയിരുന്നു. ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവറേവിനോടാണ് ഫെഡറര്‍ (3-6, 4-6) പരാജയപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top