special page

കുട്ടികളുടെ കൂട്ടമരണം എന്തുകൊണ്ടെന്ന് യുപി സര്‍ക്കാരിന് പിടികിട്ടുന്നില്ല…; അന്വേഷണസംഘത്തെ നിയോഗിച്ചു

മുഖ്യമന്ത്രി ആതിദ്യനാഥും കേന്ദ്രമന്ത്രി ജെപി നദ്ദയും ആശുപത്രിയില്‍

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ക്ക് കൂട്ടമരണം സംഭവിക്കാന്‍ കാരണമെന്തെന്ന് അറിയാനായി സംസ്ഥാനസര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു.

പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം നിര്‍ത്തിവച്ചതാണ് ദുരന്തത്തിന് കാരണമായത്. എണ്‍പതോളം കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ മരണത്തിന് കാരണം ഓക്‌സിജന്‍ വിതരണം മുടങ്ങിയതല്ല, മസ്തിഷ്‌കജ്വരം ആണന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണം പ്രഖ്യാപിച്ചകാര്യം അറിയിച്ചപ്പോഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രാണവായു കിട്ടാതെയല്ല കുട്ടികള്‍ മരിച്ചതെന്നും മസ്തിഷ്‌ക ജ്വരമാണ് മരണകാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രി മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആദിത്യനാഥിനോപ്പം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും ആശുപത്രിലെത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ ഏഴ് പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 79 ആയി.

അതേസമയം, മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുവാന്‍ കൂടി അധികൃതര്‍ തയാറാവാത്തതിന്റെ പേരില്‍ വന്‍പ്രതിഷേധവുമുയരുന്നുണ്ട്. കുട്ടികള്‍ മരിച്ച സംഭവത്തില്‍ യാതൊരു ദുരുഹതയും ഇല്ലെന്നും അതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. മരണകാരണം മസ്തിഷ്‌കജ്വരം ആണെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഭയന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് അധികൃതര്‍ മടിക്കുന്നതെന്നാണ് വിവരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top