മൂന്നാം ടെസ്റ്റ്: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 489 ന് പുറത്ത്; ലങ്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം

പല്ലേക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 489 റണ്‍സിന് പുറത്തായി. രണ്ടാം ദിനം വെടിക്കെട്ട് സെഞ്ച്വറി നേടിയ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി കുറിച്ച പാണ്ഡ്യ 108 റണ്‍സെടുത്ത് പുറത്തായി. നേരത്തെ ഒന്നാം ദിനം ധവാനും (119) ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു. ലങ്കയ്ക്ക് വേണ്ടി ലക്ഷന്‍ സന്ദകന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 24 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ തരംഗ (5), കരുണരത്നെ (4) എന്നിവരാണ് പുറത്തായത്. ഷമിയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

ആറിന് 329 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 160 റണ്‍സ് കൂടി ചേര്‍ത്താണ് പുറത്തായത്. സാഹ (16) പെട്ടെന്ന് പുറത്തായെങ്കിലും കുല്‍ദീപ് യാദവ് (26), ഷമി (8), ഉമേഷ് യാദവ് (3) എന്നിവരെ കൂട്ടുപിടിച്ച് പാണ്ഡ്യ നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എട്ടാം വിക്കറ്റില്‍ കുല്‍ദീപിനൊപ്പം 62 റണ്‍സും പത്താം വിക്കറ്റില്‍ യാദവിനൊപ്പം 66 റണ്‍സും പാണ്ഡ്യ ചേര്‍ത്തു.

നേരത്തെ ആദ്യദിനത്തില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയിട്ടും മധ്യനിര തകര്‍ന്നടിഞ്ഞതാണ് വന്‍സ്‌കോറെന്ന ലക്ഷ്യം നേടുന്നതിന് ഇന്ത്യയ്ക്ക് വിലങ്ങുതടിയായത്. ധവാനും രാഹുലും (85) ഒന്നാം വിക്കറ്റില്‍ 188 റണ്‍സാണ് ചേര്‍ത്തത്.

87 പന്തില്‍ നിന്നായിരുന്നു പാണ്ഡ്യ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ ശതകം. എട്ടാം നമ്പര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് പാണ്ഡ്യ പല്ലേക്കലെയില്‍ കുറിച്ചത്. ഒപ്പം ഒറ്റ സെഷനില്‍ തന്നെ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും പാണ്ഡ്യ കടന്നു. സെഞ്ച്വറി നേടിയ പാണ്ഡ്യ ആക്രമണാത്മക ബാറ്റിംഗാണ് കാഴ്ചവെച്ചത്. അതിന്റെ ചൂട് ശരിക്കും അറിഞ്ഞത് ലങ്കന്‍ സ്പിന്നര്‍ പുഷ്പകുമാര ആയിരുന്നു. ലങ്കന്‍ താരത്തിന്റെ ഒരു ഓവറില്‍ 26 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്.

ആദ്യ 50 തികയ്ക്കാന്‍ 61 പന്തുകള്‍ ചെലവഴിച്ച പാണ്ഡ്യ അടുത്ത അര്‍ദ്ധ ശതകം തികച്ചത് വെറും 25 പന്തുകളിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top