ആംബുലന്‍സ് ചോദിച്ചപ്പോള്‍ കുട്ടിയല്ലേ ടെമ്പോ പോരെയെന്ന് അധികൃതര്‍: ഗൊരഖ്പൂരില്‍ മൃതദേഹത്തിനോടും അനാദരവ്‌

കുട്ടിയുടെ മൃതദേഹവുമായി രാജേഷ്

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളോടും അധികൃതരുടെ ക്രൂരത. മകന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ചെറിയ കുട്ടിയല്ലേ ടെമ്പോയില്‍ യാത്ര ചെയ്‌തോളൂ എന്ന മറുപടിയാണ് തനിക്ക് നല്‍കിയതെന്ന് ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ താമസിക്കുന്ന രാജേഷ് പറയുന്നത്.

കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതിനാണ് ന്യുമോണിയ ബാധിച്ച മകനെയുമായി രാജേഷ് ആശുപത്രിയില്‍ എത്തുന്നത്. അസുഖം മാറുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും ശനിയാഴ്ച ഉച്ചയോടെ മകന്റെ മൃതദേഹമാണ് താന്‍ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതെന്നും  വേദനയോടെ രാജേഷ് പറയുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍മാരുടെ അശ്രദ്ധകൊണ്ടാണ് തന്റെ മകന്‍ മരിച്ചതെന്നും ആശുപത്രിയില്‍ ആവശ്യത്തിന് കിടക്കപോലും ഉണ്ടായിരുന്നില്ലെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളുടെ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യത്തിന് ആംബുലന്‍സുകള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്തത് ആശുപത്രിയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇരുചക്രവാഹനങ്ങളിലും ഓട്ടോയിലുമാണ് പലരും കുട്ടികളുടെ മൃതദേഹങ്ങള്‍ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത്. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത ആശുപത്രിയുടെ ഉള്‍വശത്ത് രോഗികളെയും കുട്ടികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഫയല്‍ ചിത്രം

അതേസമയം ഇന്ന് മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 70 ആയി. സംഭവത്തെപറ്റി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഇടപ്പെട്ടതിനെ തുടര്‍ന്ന് സംഭവത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികള്‍ മരിച്ചതിന് പിന്നില്‍ ഓക്‌സിജന്‍ ലഭിക്കാത്തതാണെന്ന് സര്‍ക്കാര്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. പകരം റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് കാരണം പറയാനാകൂവെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കുടിശ്ശിക തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ചതിനെ തുടര്‍ന്നാണ് യുപി ഇത്രയും വലിയ ദുരന്തത്തിന് സാക്ഷിയായത്. കഴിഞ്ഞ 5 ദിവസം കൊണ്ട് 63 കുട്ടികള്‍ സംസ്ഥാനത്ത് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രി അധികൃതര്‍ നല്‍കാനുള്ള 68 ലക്ഷം രൂപ കുടിശ്ശിക തുക കൊടുത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് കമ്പനി ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ചത്. മൂന്നു വാര്‍ഡുകളിലായി പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്.

ഫയല്‍ ചിത്രം

പ്രതിഷേധ സൂചകമായി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ച ആദ്യ ദിവസം 20 കുട്ടികളാണ് ശ്വാസം കിട്ടാതെ മരിച്ചത്. എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ കൂടുതലും. ഉത്തര്‍പ്രദേശിലെ കുട്ടികളിലെ എന്‍സഫലൈറ്റിസ് രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതിനിടയിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായി രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top