ഹമീദ് അന്‍സാരിയോടും ‘കടക്കുപുറത്ത്’ പറഞ്ഞ് ആര്‍എസ്എസ്; സുരക്ഷിതത്വം തോന്നുന്ന നാട്ടിലേക്ക് അന്‍സാരിക്ക് പോകാമെന്ന് ഇന്ദ്രേഷ് കുമാര്‍

ഹമീദ് അന്‍സാരി

ദില്ലി: രാജ്യത്തെ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന പ്രസ്താവനയുടെ പേരില്‍ മുന്‍ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരായ സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ തുടരുന്നു. അന്‍സാരിക്ക് സുരക്ഷിതത്വം തോന്നുന്ന രാജ്യത്തേക്ക് പോകാമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമുദായം പോലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഇന്ദ്രേഷ് പറഞ്ഞു.

രാജ്യത്തെ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന പരാമര്‍ശമാണ് ആര്‍എസ്എസിനെയും ബിജെപിയേയും ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അരക്ഷിതാവസ്ഥയാണെങ്കില്‍ സുരക്ഷിതത്വം തോന്നുന്ന രാജ്യത്തേക്ക് അന്‍സാരിക്ക് പോകാം. തന്റെ പ്രസ്താവനകള്‍ക്ക് രാജ്യത്ത് ഒരാളുടെ പോലും പിന്തുണ ലഭിക്കാത്ത നിര്‍ഭാഗ്യവാനാണ് അന്‍സാരി. സ്വന്തം സമുദായത്തിലെ ഭൂരിഭാഗവും അദ്ദേഹത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

അധികാരത്തിലിരുന്ന പത്ത് വര്‍ഷക്കാലവും അന്‍സാരി മതേതരവാദിയായിരുന്നു. എന്നാല്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞതോടെ അദ്ദേഹം മതമൗലികവാദി ആയിരിക്കുകയാണ്. രാജ്യത്ത് മുസ്‌ലിങ്ങള്‍ അരക്ഷിതരാണെന്ന ചിന്തയുള്ളവരോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളൂ, മുസ്‌ലിങ്ങള്‍ സുരക്ഷിതരായുള്ള രാജ്യം ഏതെന്ന് വ്യക്തമാക്കി അവര്‍ ആ രാജ്യത്തേക്ക് പോവുക. ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

അന്‍സാരിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും നേരത്തെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഉപരാഷ്ട്രപതി പദവിയില്‍ നിന്നും വിരമിക്കുന്ന ഹമീദ് അന്‍സാരി പുതിയ രാഷ്ട്രീയ ജോലി തേടുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ രാഷ്ട്രീയ പ്രസ്താവന നടത്തുന്നതെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പ്രതികരിച്ചത്.

ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ദിനം നടത്തിയ പ്രസംഗത്തിലായിരുന്നു അന്‍സാരിയുടെ അഭിപ്രായപ്രകടനം. രാജ്യത്തെ മുസ്‌ലിങ്ങള്‍ അസ്വസ്ഥരും അരക്ഷിതത്വം അനുഭവിക്കുന്നവരുമാണ്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ ജനങ്ങളുടെ പൗരത്വം പോലും ചോദ്യം ചെയ്യുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണ്. അസഹിഷ്ണുതയും ഗോ രക്ഷയുടെ പേരിലുള്ള ഗുണ്ടായിസവും അംഗീകരിക്കാനാകില്ല. ഉള്‍ക്കൊള്ളുക എന്ന ആശയം ഭീഷണി നേരിടുകയാണെന്നും അന്‍സാരി പറഞ്ഞു. രാജ്യസഭാ ചെയര്‍മാനെന്ന നിലയില്‍ രാജ്യസഭാ ടിവിയ്ക്ക് അനുവദിച്ച അവസാന അഭിമുഖത്തിലാണ് അന്‍സാരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top