ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് കന്നി സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

പല്ലേക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 485 എന്ന നിലയിലാണ്. രണ്ടാം ദിനം ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയത്.

തന്റെ കന്നി സെഞ്ച്വറി നേടിയ പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 87 പന്തില്‍ നിന്നായിരുന്നു പാണ്ഡ്യ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ ശതകം. 107 റണ്‍സോടെ പാണ്ഡ്യ ബാറ്റിംഗ് തുടരുകയാണ്.

സെഞ്ച്വറി നേടിയ പാണ്ഡ്യ ആക്രമണാത്മക ബാറ്റിംഗാണ് കാഴ്ചവെച്ചത്. അതിന്റെ ചൂട് ശരിക്കും അറിഞ്ഞത് ലങ്കന്‍ സ്പിന്നര്‍ പുഷ്പകുമാര ആയിരുന്നു. ലങ്കന്‍ താരത്തിന്റെ ഒരു ഓവറില്‍ 26 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്.

മത്സരത്തിലെ 116 ആം ഓവറിലായിരുന്നു സംഭവം. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു പാണ്ഡ്യ. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിലും. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ പാണ്ഡ്യ മൂന്നും നാലും അഞ്ചും പന്തുകള്‍ നിലം തൊടാതെ പറത്തി. ഇതോടെ ആ ഓവറില്‍ പിറന്നത് 26 റണ്‍സ്.

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ടതാരമാണ് പാണ്ഡ്യ. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ നാം അത് ധാരാളം കണ്ടിട്ടുമുണ്ട്. ടെസ്റ്റിലും താന്‍ അത്തരം പ്രകടനങ്ങള്‍ക്ക് മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വലംകൈയന്‍ ഓള്‍റൗണ്ടര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top