special page

യുപിയില്‍ മരണസംഖ്യ ഉയരുന്നു: മൃതദേഹങ്ങളോടും അനാദരവ്: റിപ്പോര്‍ട്ട് തേടി കേന്ദ്രം

ഖൊരക്പൂര്‍: ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആശുപത്രിയില്‍ മരണസംഖ്യ ഉയരുന്നു. ഇന്ന് രാവിലെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 70 ആയി. സംഭവത്തെപറ്റി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്രം ഇടപ്പെട്ടതിനെ തുടര്‍ന്ന് സംഭവത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ വിഷയത്തില്‍ ഇടപ്പെടുകയും സംഭവത്തെ ദേശീയ പ്രക്ഷോഭമാക്കി ഉയര്‍ത്താനുള്ള നീക്കത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ശിശുരോഗ വിദഗ്ധരടങ്ങിയ സംഘം ആശുപത്രിയില്‍ പരിശോധന നടത്തി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

അതേസമയം മരിച്ച കുട്ടികളുടെ മൃതദേഹത്തോടും ആശുപത്രി അധികൃതര്‍ അനാദരവ് കാണിച്ചതായി പരാതി ഉയര്‍ന്നു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനാല്‍ റിക്ഷകളിലും മറ്റുമാണ് രക്ഷിതാക്കള്‍ കുട്ടിതകളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്.

കുട്ടികള്‍ മരിച്ചതിന് പിന്നില്‍ ഓക്‌സിജന്‍ ലഭിക്കാത്തതാണെന്ന് സര്‍ക്കാര്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. പകരം റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് കാരണം പറയാനാകൂവെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.  കുടിശ്ശിക തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ചതിനെ തുടര്‍ന്നാണ് യുപി ഇത്രയും വലിയ ദുരന്തത്തിന് സാക്ഷിയായത്. കഴിഞ്ഞ 5 ദിവസം കൊണ്ട് 63 കുട്ടികള്‍ സംസ്ഥാനത്ത് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രി അധികൃതര്‍ നല്‍കാനുള്ള 68 ലക്ഷം രൂപ കുടിശ്ശിക തുക കൊടുത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് കമ്പനി ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ചത്. മൂന്നു വാര്‍ഡുകളിലായി പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. പ്രതിഷേധ സൂചകമായി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ച ആദ്യ ദിവസം 20 കുട്ടികളാണ് ശ്വാസം കിട്ടാതെ മരിച്ചത്. ഇതിനുപുറമെയാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത പുറത്തുവന്നത്.

എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ കൂടുതലും. ഉത്തര്‍പ്രദേശിലെ കുട്ടികളിലെ എന്‍സഫലൈറ്റിസ് രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതിനിടയിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായി രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു.

ഓക്‌സിജന്റെ അളവില്‍ കുറവ് വന്നുകൊണ്ടിരിക്കുന്ന കാര്യം ആശുപത്രയിലെ സാങ്കേതിക വിഭാഗം നേരത്തെതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് ഗൗരവത്തിലെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് കുട്ടികളുടെ മരണത്തിനിയനിടയാക്കിയതെന്ന ആരോപണവും ശക്തമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top