special page

കേരളം നമ്പര്‍ വണ്‍ എന്ന് മാത്യു കുഴല്‍നാടന്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്: പ്രൊഫൈല്‍ പിക്ചറിന്റെ പേരില്‍ കമ്മ്യൂണിസ്റ്റാക്കിയാല്‍ അതങ്ങ് സഹിക്കുമെന്ന് കുഴല്‍നാടന്റെ മറുപടി

ഫയല്‍ ചിത്രം

കേരളത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കുപ്രചരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നാണ് കുഴല്‍നാടന്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയതിന്റെ പേരില്‍ താന്‍ കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാല്‍ അത് താനങ്ങ് സഹിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംഘപരിവാര്‍ രാഷ്ട്രിയത്തെയാണോ കമ്മ്യൂണിസ്റ്റ് രാഷ്ട്രിയത്തെയാണോ ആദ്യം എതിര്‍ക്കുക എന്ന് ചോദിച്ചാല്‍, രണ്ടാമതൊന്നാലോചിക്കാതെ അത് സംഘപരിവാര്‍ രാഷട്രീയത്തെയാണ് . ഇതിന്റെ പേരില്‍ ഇനി ആരെങ്കിലും താന്‍ കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാല്‍ അത് താനങ്ങ് സഹിക്കുമെന്നും മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന വ്യാപക പ്രചരണങ്ങള്‍ക്ക് തടയിടാനായിരുന്നു സര്‍ക്കാര്‍ ഇത്തരത്തിലൊരു പരസ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് പ്രെഫൈല്‍ പിക്ച്ചര്‍ ആക്കിയതുവഴി കോണ്‍ഗ്രസ് അണികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുഴല്‍നാടനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹം വീണ്ടും നിലപാട് വ്യക്തമാക്കിയത്.

കേരളത്തെ ദേശീയ തലത്തില്‍ അപകീര്‍ത്തിപ്പെടുത്തനുള്ള ചില തല്‍പര കക്ഷികള്‍ക്ക് മുഖത്തേറ്റ അടിയായിരുന്നു പ്രൊഫൈല്‍ ചിത്രം മാറ്റിയുള്ള മലയാളികളുടെ പ്രതിഷേധം. കേരളത്തിന്റെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പായിരുന്നു അത്. ഇതുവരെ രണ്ടരലക്ഷത്തിലധികം പേര്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടുണ്ട്.

മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം കേരള നംമ്പര്‍ വണ്‍ എന്ന ബാഡ്ജ് ചേര്‍ത്ത് പ്രൊഫൈല്‍ പിക്ചര്‍ അപ്‌ഡേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി സുഹൃത്തുക്കള്‍ വിമര്‍ശനവും രോഷവും അറിയിക്കുകയുണ്ടായി. കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് എന്ന് പറയുന്നതില്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ്. എന്നാല്‍ ഇത് ഇടത് സര്‍ക്കാരിന് ഓശാന പാടുന്നതാണ് എന്ന സുഹൃത്തുക്കളുടെ നിരീക്ഷണത്തോട് യോജിക്കാനാവില്ല. കാരണം കേരളത്തിന്റെ നേട്ടം ഒരു വര്‍ഷം കൊണ്ട് ഉണ്ടായതല്ല എന്ന് ആര്‍ക്കാണ് അറിയാത്തത്.
പിന്നെ ഇപ്പോള്‍ ഇത് പറയേണ്ടി വന്ന സാഹചര്യവും വിശേഷിച്ച് പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ദേശീയ തലത്തില്‍ കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രത്യേകിച്ച് അത് ഒരു സംഘപരിവാര്‍ അജണ്ട കൂടിയാകുമ്പോള്‍.
ഒരു കാര്യം അസനിഗ്ദമായി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സംഘപരിവാര്‍ രാഷ്ട്രിയത്തെയാണോ കമ്മ്യൂണിസ്റ്റ് രാഷ്ട്രിയത്തെയാണോ ഞാന്‍ ആദ്യം എതിര്‍ക്കുക എന്ന് ചോദിച്ചാല്‍, രണ്ടാമതൊന്നാലോചിക്കാതെ ഞാന്‍ പറയും അത് സംഘപരിവാര്‍ രാഷട്രീയത്തെയാണ് എന്ന്. ഇതിന്റെ പേരില്‍ ഇനി ആരെങ്കിലും ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറഞ്ഞാല്‍ അത് ഞാനങ്ങ് സഹിച്ചു.
പിന്നെ നാട്ടിലെ ജനങ്ങളെ ഇങ്ങനെ വില കുറച്ച് കാണരുത്. ഇടത് സര്‍ക്കാരിന്റെ ഈ ഒരു ക്യാംപെയിന്‍ കൊണ്ട്, ശ്രീ കരുണാകരനും, എ.കെ ആന്റണിയും സര്‍വ്വോപരി ശ്രി ഉമ്മന്‍ ചാണ്ടിയും ഒക്കെ ഈ നാടിന് ചെയ്ത സേവനങ്ങള്‍ ജനം വിസ്മരിക്കും എന്ന് കരുതിയെങ്കില്‍ തെറ്റിയത് നിങ്ങള്‍ക്കാണ്.
രാഷട്രീയം വേണം പക്ഷെ അത് രാഷ്ട്രീയ അന്ധതയാവുന്നത് നമ്മുടെ ദൗര്‍ബല്യം കൊണ്ടാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top