വിരട്ടല്‍ ഇങ്ങോട്ട് വേണ്ട; പിസി ജോര്‍ജ്ജിന് മറുപടിയുമായി വനിതാ കമ്മീഷന്‍

പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെ സ്വമേധയാ കേസെടുക്കാനുള്ള വനിത കമ്മീഷനെതിരായ പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന വനിത കമ്മീഷന്‍ രംഗത്ത്. ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് കമ്മീഷന്‍ പിസി ജോര്‍ജ്ജിന്റെ നടപടികളെ വിമര്‍ശിച്ചിരിക്കുന്നത്. ജോര്‍ജ്ജിന്റെ സൗകര്യംകൂടി പരിഗണിച്ച് അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

അപകീര്‍ത്തി പരാമര്‍ശങ്ങളുടേ പേരില്‍ സ്വമേധയ കേസെടുത്തതിനെ വിമര്‍ശിച്ച് വനിത കമ്മീഷനെതിരെ പിസി ജോര്‍ജ്ജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ല. പ്രബലരായ നിരവധി ആളുകള്‍ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി തരികയും നിയമവ്യവസ്ഥകള്‍ അംഗീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്. ആരുടേയും വിരട്ടല്‍ വിലപ്പോയിട്ടില്ല. ആ മനോഭാവം ആര്‍ക്കും ഭൂഷണവുമല്ല.

ജനപ്രതിനിധികള്‍ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂരു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിത കമ്മീഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിത കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്തുനിന്ന് നീതി നിഷേധം ഉണ്ടായാലും ഇടപെടും. ഒരു പരിഗണനയും ആര്‍ക്കുമില്ല. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷന് നല്‍കിയിട്ടുള്ള അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്ന് ബോധ്യപ്പെടുന്ന കാലമാണ് വരുന്നത്. ആരോപണങ്ങളോടല്ല, സംഭവങ്ങളോടാണ് കമ്മീഷന്‍ നിലപാട് സ്വീകരിക്കുന്നത്.

സ്വമേധയാ കേസെടുക്കാനുള്ള വനിതാ കമ്മീഷന്റെ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു പിസി ജോര്‍ജ്ജ് പ്രതികരിച്ചത്. തന്നെ തൂക്കിക്കൊല്ലാനൊന്നും കമ്മീഷന് അധികാരമില്ലെന്നും തനിക്ക് സൗകര്യമുള്ളപ്പോള്‍ കമ്മീഷന് മുന്നില്‍ ഹാജരാകുമെന്നുമായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top