രാജ്യത്തിന്റെ പ്രതിദിന ക്രൂഡ് ഓയില്‍ ഉത്പാദന ശേഷി 12 ദശലക്ഷം ബാരലെന്ന് സൗദി

പ്രതീകാത്മക ചിത്രം

സൗദി അറേബ്യയുടെ പ്രതിദിന ക്രൂഡ് ഓയില്‍ ഉല്‍പാദന ശേഷി 12 ദശലക്ഷം ബാരലാണെന്നും ഇത് നിലനിര്‍ത്താന്‍ രാജ്യത്തിനു കഴിയുമെന്നും ഊര്‍ജ, വ്യവസായ വകുപ്പ് മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഇറാഖ് പെട്രോളിയം വകുപ്പ് മന്ത്രി എഞ്ചിനീയര്‍ ജബ്ബാര്‍ അല്‍ ലുഐബിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉല്‍പാദനം കുറക്കണമെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനം ക്രൂഡ് ഓയില്‍ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്ന എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഇപ്പോഴത്തെ നടപടികള്‍ ഹ്രസ്വകാലം നടപ്പിലാക്കുന്നവയാണ്. ഭീമമായ നിക്ഷേപം ആവശ്യമുളള എണ്ണ വ്യവസായ മേഖലയെ ഉല്‍പ്പാദനം കുറച്ചത് ബാധിക്കില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപം സൗദി അരാംകൊ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കയറ്റുമതി നിയന്ത്രിക്കുന്നതിനാണ് ഉല്‍പ്പാദനം കുറച്ചത്. ഇത്തരം നടപടികള്‍ നേരത്തെയും സ്വീകരിച്ചിട്ടുണ്ട്. ഉല്‍പാദനം, കയറ്റുമതി എന്നീ മേഖലയില്‍ ഏറ്റക്കുറച്ചിലുകള്‍ സാധാരണമാണ്. അതുകൊണ്ടുതന്നെ താല്‍ക്കാലികമായ ഈ മാറ്റങ്ങള്‍ പെട്രോളിയം മേഖലയിലെ മുതല്‍ മുടക്കുകളെ ബാധിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

എണ്ണ വിപണിയില്‍ ഭദ്രതയുണ്ടാക്കുന്നതിന് കൂടുതല്‍ നടപടികള്‍ ആവശ്യമാണോ എന്ന് ഒപെക് രാജ്യങ്ങള്‍ കൂട്ടായി തീരുമാനിക്കും. ഇതില്‍ ഏകപക്ഷീയമായ നടപടി സൗദി അറേബ്യ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സൗദി അറേബ്യ ഇറാഖില്‍ വരും വര്‍ഷങ്ങളില്‍ വന്‍ നിക്ഷേപം നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ സൗദി ഉല്‍പന്നങ്ങള്‍ മറ്റ് രാജ്യങ്ങള്‍ വഴിയാണ് ഇറാഖില്‍ എത്തുന്നത്. ഇത് വിപണിയില്‍ സൗദി ഉല്‍പന്നങ്ങളുടെ മത്സരക്ഷമതയെ ബാധിക്കും. ഇത് പരിഗണിച്ചാണ് നിക്ഷേപമെന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യ ഇറാഖിനൊപ്പം നിലയുറപ്പിക്കുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ ബോധ്യപ്പെട്ടതായി ഇറാഖ് മന്ത്രി എഞ്ചിനീയര്‍ ജബ്ബാര്‍ അല്‍ ലുഐബി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top