സ്വന്തം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്തു; യുവതി പൊലീസ് പിടിയില്‍

ബീജിങ്‌: സ്വന്തം കുഞ്ഞിനെ അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത ഇരുപത്തിനാലുകാരിയായ അമ്മ പൊലീസ് പിടിയില്‍. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ കൊറിയര്‍ ചെയ്തത്. ബെയ്ജിങ്ങിലെ അനാഥാലയത്തിലേക്കുള്ള കൊറിയര്‍ അയക്കാനൊരുങ്ങവെ കവറിനുള്ളില്‍ അനക്കം കണ്ടാണ് കൊറിയര്‍ ഓഫീസില്‍ നിന്ന് പൊലീസില്‍ വിവരമറിയിച്ചത്. കുറേയധികം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ കവര്‍ അഴിച്ചുനോക്കിയപ്പോള്‍ ഉള്ളില്‍ ജീവനുള്ള കുഞ്ഞിനെയാണ് കണ്ടത്. സ്വന്തം അമ്മ തന്നെയാണ് തന്റെ കുഞ്ഞിനെ ഭംഗിയായി പൊതിഞ്ഞ് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്തത്.

കവര്‍ കൈപ്പറ്റിയ കൊറിയര്‍ ഓഫീസ് ജീവനക്കാരനില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് കുഞ്ഞിനെ അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത ഇരുപത്തിനാലുകാരിയായ അമ്മ ലൂവിനെ കസ്റ്റഡിയിലെടുത്തു. ചൈനയിലെ ഫൂച്ചൗവിലാണ് സംഭവം നടന്നത്. വീട്ടില്‍ വന്ന് കൊറിയറെടുക്കാന്‍ ലൂ ഓഫീസില്‍ വിളിച്ച് പറയുകയായിരുന്നു. ബെയ്ജിങിലെ അനാഥാലയത്തിലേക്കുള്ളതായിരുന്നു കൊറിയര്‍.

കുറേയധികം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ കവര്‍ തന്നെ ഏല്‍പ്പിക്കുമ്പോള്‍ തന്നെ ഉള്ളില്‍ അനക്കം അനുഭവപ്പെട്ടിരുന്നതായി കൊറിയറുകാരന്‍ പറയുന്നു. എന്നാല്‍ കവറിലെന്താണെന്ന് ചോദിച്ചിട്ട് ലൂ പറയാന്‍ തയ്യാറായില്ല. പിന്നീട് കവറിനകത്ത് നിന്ന് അനക്കവും കുഞ്ഞിന്റെ കരച്ചിലും കേട്ടതോടെയാണ് പോലീസിനെ അറിയിച്ചത്. ഓഫീസില്‍ നിന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞ് അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

കുഞ്ഞിനെ ഒഴിവാക്കുകയായിരുന്നു ലൂവിന്റെ ലക്ഷ്യമെങ്കിലും ഇതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. പോലീസ് വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top