മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ ആരാധകരെ തളളിപ്പറഞ്ഞ് വിജയ്; എന്ത് സംഭവമുണ്ടെങ്കിലും ഒരു സ്ത്രീയോടും ഇങ്ങനെ പെരുമാറരുതെന്നും താരം

വിജയ്

സിനിമ ഇഷ്ടമായില്ലെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച ആരാധകരെ ശാസിച്ച് വിജയ്. ഒരു കാരണവശാലും ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാറരുത് എന്ന് വിജയ് ഓര്‍മിപ്പിച്ചു. വിജയ് ആരാധകര്‍ വലിയ അക്രമമായിരുന്നു ധന്യ രാജേന്ദ്രന്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ നടത്തിയത്.

ഞാന്‍ സ്ത്രീകളെ വളരെയധികം ആദരിക്കുന്നയൊരാളാണ്. ആര്‍ക്കും ഏത് സിനിമയേയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. ഏത് സാഹചര്യത്തിലും ആരും ഒരു സ്ത്രീയോടും ഇത്തരത്തില്‍ മോശമായി സംസാരിക്കാന്‍ പാടില്ല എന്നാണ് എന്റെ പക്ഷം. അവര്‍ക്കെതിരെ ആരും ഇന്റര്‍നെറ്റില്‍ ഇങ്ങനെ പെരുമാറരുത് എന്ന് ഞാന്‍ അപേക്ഷിക്കുന്നു. വിജയ് പറഞ്ഞു.

ഇംതിയാസ് അലിയുടെ ഷാരൂഖ്അനുഷ്‌ക ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തേപ്പറ്റി അഭിപ്രായം പറഞ്ഞ അവസരത്തിലാണ് ധന്യ സുരയ്‌ക്കെതിരെയും ചിലത് സൂചിപ്പിച്ചത്. സുര എന്ന ചിത്രം ഇന്റര്‍വല്‍ വരെ കണ്ട് ഇറങ്ങിപ്പോരേണ്ടിവന്നു, എന്നാല്‍ ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രം ആ റെക്കോര്‍ഡ് തകര്‍ത്തു. ഇന്റര്‍വല്‍ വരെ പോലും മുഴുമിക്കാനായില്ല. ഇതായിരുന്നു ധന്യയുടെ അഭിപ്രായം. എന്നാല്‍ ഇത് കേട്ടതോടെ വിജയ് ആരാധകരാണെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം സൈബര്‍ അക്രമികള്‍ ധന്യയെ കടന്നാക്രമിക്കുകയായിരുന്നു.

30,000 തവണയാണ് ധന്യയുടെ പേര് മെന്‍ഷന്‍ ചെയ്തത്. വധ ഭീഷണിയും ചില പ്രൊഫൈലുകളില്‍ നിന്ന് ധന്യയ്ക്ക് ലഭിച്ചു. നിരവധി ആളുകള്‍ ധന്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അശ്ലീലവര്‍ഷവും ആരംഭിച്ച് അവര്‍ക്കെതിരെ ഹാഷ്ടടാഗ് ക്യാമ്പയിനും ആരംഭിച്ചു. പബ്ലിസിറ്റി ബീപ് ധന്യ എന്ന ഹാഷ്ടാഗ് പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തു. എന്നാല്‍ ഇക്കാര്യം എത്രപേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് ഹാഷ്ടാഗുകള്‍ പിന്‍വലിപ്പിക്കാന്‍ സാധിക്കുമെന്ന ആശങ്കയും ധന്യ പങ്കുവച്ചു.

ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തെപ്പറ്റി നെഗറ്റീവ് റിവ്യൂകള്‍ മാത്രമാണ് പുറത്തെത്തുന്നത്. ഇക്കാര്യം ശരിവച്ചാണ് മാധ്യമ പ്രവര്‍ത്തക അഭിപ്രായം പറഞ്ഞതും. വിജയ് അഭിനയിച്ച സുര എന്ന ചിത്രവും ഇറങ്ങിയ സമയത്ത് നിരൂപക പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ചിത്രം ബോക്‌സോഫീസിലും ദയനീയ പ്രകടനമാണ് കാഴ്ച്ചവച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top