വനിതാ വത്കരണത്തിന് ശേഷം ഒരു ലക്ഷം വനിതകള്‍ക്ക് ജോലി ലഭിച്ചെന്ന് സൗദി

പ്രതീകാത്മക ചിത്രം

സൗദിയില്‍ സ്ത്രീകള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങല്‍ വില്‍ക്കുന്ന വ്യാപാര കേന്ദ്രങ്ങളില്‍ വനിതാവല്‍ക്കരണം നടപ്പിലാക്കിയതിന് ശേഷം ഒരു ലക്ഷം സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സെയില്‍സ് ഗേള്‍ മുതല്‍ ഷോപ് മാനേജര്‍ വരെ വിവിധ തസ്തികയിലാണ് വനിതകളെ നിയമിച്ചിട്ടുളളതെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന 13,000 ലേറെ വന്‍കിട ഷോ റൂമുകളാണ് സൗദിയിലുളളത്. ഇവിടങ്ങളില്‍ ഒരു ലക്ഷത്തിലേറെ വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സെയില്‍സ് സൂപ്പര്‍വൈസര്‍, മാനേജര്‍ തസ്തികകളില്‍ ഉയര്‍ന്ന വേതനമാണ് വനിതാ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.

ഷോപ് മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകള്‍ക്ക് 20,000 റിയാലും ഇതര ആനുകൂല്യങ്ങളും ചില സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. സ്ത്രീകള്‍ ലഭിച്ച തൊഴിലുകളില്‍ മികവ് തെളിയിച്ചിട്ടുണ്ടെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതേസമയം, വനിതാവല്‍ക്കരണം പ്രഖ്യാപിച്ച സ്ഥാപനങ്ങളില്‍ നിയമ ലംഘനം അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം ചേംബര്‍ ഓഫ് കോമേഴ്‌സുകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യാപാര കേന്ദ്രങ്ങളില്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച ചട്ടങ്ങള്‍ പാലിക്കണം. തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചേംബര്‍ ഓഫ് കോമേഴ്‌സും ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദിയില്‍ തൊഴിലില്ലാത്ത ബിരുദ ധാരികളായ വനിതകളുടെ എണ്ണം കൂടിവരികയാണ്്. 33 ശതമാനമുളള വനിതാ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായി കുറക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രമം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top