കാലാവധി പൂര്‍ത്തിയാക്കി സീതാറാം യെച്ചൂരി രാജ്യസഭയുടെ പടിയിറങ്ങി; യാത്രയയപ്പ് ചടങ്ങില്‍ വൈകാരിക നിമിഷങ്ങള്‍ ; യഥാര്‍ത്ഥ ഇന്ത്യ എന്താണെന്ന് ഭരണാധികാരികള്‍ തിരിച്ചറിയണമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ യെച്ചൂരി

സീതാറാം യെച്ചൂരി

ദില്ലി : കാലാവധി പൂര്‍ത്തിയാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയുടെ പടിയിറങ്ങി. ഇന്നലെ രാജ്യസഭയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വൈകാരിക നിമിഷങ്ങളാണ് അരങ്ങേറിയത്. സഭയെ സംവാദ വേദിയാക്കിയ യെച്ചൂരി വീണ്ടും സഭയില്‍ വേണ്ടതായിരുന്നുവെന്ന് പല അംഗങ്ങളും അഭിപ്രായപ്പെട്ടു.

ഭരണ പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ സഭാംഗം എന്ന നിലയില്‍ യെച്ചൂരിയുടെ സേവനങ്ങളെയും മികവിനെയും പ്രകീര്‍ത്തിച്ചു. പ്രതിപക്ഷത്ത് യെച്ചൂരിയുടെ സമീപത്ത് ഇരിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് ചടങ്ങിനിടെ വികാരാധീനനായി. തുടര്‍ന്ന് യെച്ചൂരി തന്നെ യാദവിനെ ആശ്വസിപ്പിക്കാനെത്തി. പാര്‍ലമെന്ററി കാര്യസഹമന്ത്രി മുക്തര്‍ അബ്ബാസ് നഖ്‌വിയും രാം ഗോപാല്‍ യാദവിനെ ആശ്വസിപ്പിച്ചു.

യെച്ചൂരിക്ക് വീണ്ടും അവസരം നല്‍കാത്ത സിപിഐഎം തീരുമാനത്തെ രാം ഗോപാല്‍ യാദവ് പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. യെച്ചൂരി സഭയിലുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതായി രാംഗോപാല്‍ യാദവ് പറഞ്ഞു. അടുത്ത സെഷന്‍ മുതല്‍ യെച്ചൂരി തന്റെ സമീപത്ത് ഉണ്ടാകില്ലല്ലോ എന്നു പറഞ്ഞായിരുന്നു രാം ഗോപാല്‍ വിതുമ്പിയത്.

ചരിത്രപരമായ വിഡ്ഡിത്തം വീണ്ടും ആവര്‍ത്തിക്കുന്നുവെന്ന് അകാലിദള്‍ അംഗം നരേഷ് ഗുജ്‌റാള്‍ അഭിപ്രായപ്പെട്ടു. യെച്ചൂരി സഭയില്‍ തുടരണമായിരുന്നു എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയാനും അഭിപ്രായപ്പെട്ടു.

യെച്ചൂരി രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ട നേതാവാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന് വേണ്ടി പൊതുമിനിമംപരിപാടി തയ്യാറാക്കിയ അനുഭവം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അനുസ്മരിച്ചു.

കോളേജ് കാലം മുതലുള്ള യെച്ചൂരിയുമായുള്ള സൗഹൃദം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഓര്‍മ്മിച്ചു. യെച്ചൂരിയുടെ വിടവാങ്ങല്‍ സഭയുടെ നഷ്ടമാണ്. ചര്‍ച്ചകളിലൂടെ യെച്ചൂരി പാര്‍ലമെന്റിനു നല്‍കിയ സംഭാവനകള്‍ വലുതാണെന്നും, അദ്ദേഹം സഭയില്‍ വീണ്ടും ഉണ്ടാകേണ്ടിയിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

രാജ്യത്തെ ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെയും തൊഴില്‍ രഹിതരായ യുവതയുടെയും പ്രശ്‌നങ്ങള്‍ കാണാതെ പോകരുതെന്ന് സീതാറാം യെച്ചൂരി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ലോകത്ത് കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇവര്‍ക്ക് ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കിയാല്‍ ഇന്ത്യ ലോകത്തെ നയിക്കുന്ന സമൂഹമാകും. ഇതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്ന് യെച്ചൂരി പറഞ്ഞു.

വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. രാജ്യത്തെ ഏകശിലാ രൂപമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തുമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ചര്‍ച്ചകള്‍ വഴി മാറി പോകരുതെന്നും യെച്ചൂരി സഭാംഗങ്ങളോടും സര്‍ക്കാറിനോടും അഭ്യര്‍ത്ഥിച്ചു.

നിര്‍ണായക രാഷ്ട്രീയസാഹചര്യത്തിലാണ് താന്‍ പാര്‍ലമെന്റിലേക്ക് വന്നത്. സാഹചര്യത്തിന്റെ സമ്മര്‍ദത്താല്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയെന്നാണ് വിശ്വാസം. പലതും മനസ്സിലാക്കാനുള്ള അവസരംകൂടിയായി പാര്‍ലമെന്റിലെ പ്രവര്‍ത്തനം. ജനവികാരം പ്രകടിപ്പിക്കാനുള്ള വേദി എന്നതിനൊപ്പം ജനങ്ങള്‍ക്ക് സന്ദേശം നല്‍കാനുള്ള സംവിധാനവുമാണ് പാര്‍ലമെന്റ്. സ്വകാര്യവല്‍ക്കരണം ഇങ്ങനെ തുടര്‍ന്നാല്‍ പാര്‍ലമെന്റിനെത്തന്നെ പുറംകരാര്‍ നല്‍കിയേക്കും. പാര്‍ലമെന്റിലെ ജീവനക്കാരുടെ പ്രവര്‍ത്തനം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതില്‍ ജീവനക്കാരുടെ പങ്ക് പ്രധാനമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കൂട്ടായ ശ്രമം വേണെമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് യെച്ചൂരി പ്രസംഗം അവസാനിപ്പിച്ചത്.ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നിറഞ്ഞ കൈയ്യടികളോടെയാണ്് യെച്ചൂരിയുടെ വിടവാങ്ങല്‍ പ്രസംഗത്തെ സഭാംഗങ്ങള്‍ സ്വീകരിച്ചത്. സഭയില്‍നിന്ന് വിരമിക്കുന്ന ദിലീപ് ഭായ് (ബിജെപി), ദേബ്‌റോയി ബന്ദോപാധ്യായ (ടിഎംസി) എന്നിവര്‍ക്കും രാജ്യസഭ യാത്രയയപ്പ് നല്‍കി.

DONT MISS