“ബെഡ് വിത്ത് ആക്ടിംഗ് പാക്കേജുമായി മലയാള സിനിമയില്‍ പലരും സമീപിച്ചു; ഗ്ലാമറസായ വേഷങ്ങള്‍ ചെയ്തതുകൊണ്ട് അവളെ കിട്ടും എന്ന നിലയിലാണ് ചിലര്‍ കാണുന്നത്”: സിനിമ മേഖലയില്‍ നേരിട്ട അനുഭവം പറഞ്ഞ് ഹിമ ശങ്കര്‍


കൊച്ചി: സിനിമയിലേക്ക് കടന്നുവന്ന കാലഘട്ടത്തില്‍ താനടക്കമുള്ള നടിമാര്‍ക്ക് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ഹിമ ശങ്കര്‍. ശക്തമായ മറുപടി നല്‍കുന്നതോടെ ഇത്തരം ശല്യങ്ങള്‍ ഒഴിയുമെങ്കിലും പിന്നീട് അവസരങ്ങള്‍ ലഭിക്കാറില്ലെന്നും ഹിമ പറയുന്നു. സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം സംസാരിക്കാന്‍ എത്തിയപ്പോഴായിരുന്നു ഹിമയുടെ ഈ വെളിപ്പെടുത്തല്‍.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ പലപ്പോഴും മോശമായ പെരുമാറ്റങ്ങള്‍ നേരിടേണ്ടിവരാറുണ്ടെന്ന് ഹിമ പറഞ്ഞു. സിനിമയിലേക്ക് കടന്നുവരുന്ന സമയത്ത് ഇത്തരത്തില്‍ നിരവധി പേര്‍ തന്നെ സമീപിച്ചിരുന്നു.

“ഞാന്‍ ഇതിലേക്ക് ഇറങ്ങിയ സമയത്ത് എന്നെ വിളിച്ചിട്ട് ഇത്തരത്തില്‍ സംസാരിച്ചു. അന്നാണ് ഞാന്‍ പാക്കേജ് എന്ന വാക്ക് ആദ്യമായി
കേള്‍ക്കുന്നത്. എന്താണ് പാക്കേജ് എന്ന് ചോദിച്ചപ്പോള്‍ ബെഡ് വിത്ത് ആക്ടിംഗ് എന്നായിരുന്നു മറുപടി. അപ്പോള്‍ അതെന്താണ് അങ്ങനെ, അത്തരമൊരു സംഭവത്തിന് ഞാനില്ല എന്ന് മറുപടി പറഞ്ഞു. ഞാന്‍ ഗ്ലാമറസായ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. അത് മോശമാണെന്നോ തെറ്റാണെന്നോ എനിക്ക് തോന്നുന്നില്ല. അതിനെ പോലും ആളുകള്‍ കാണുന്നത് അവളെ കിട്ടും എന്ന നിലയിലാണ്”. ഹിമ ആഞ്ഞടിച്ചു.

“എന്നാല്‍ നിലപാടുകളിലുറച്ച് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നവര്‍ക്കു നേരെ മോശമായ പെരുമാറ്റം ഉണ്ടാകാറില്ല. പക്ഷെ അവര്‍ക്ക് പിന്നെ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കില്ല. നമുക്ക് പറയാനുള്ള അഭിപ്രായമാണ് നമ്മള്‍ പറയുന്നത്. പക്ഷെ നമ്മളെ ദ്രോഹികളായിട്ടാണ് കാണുന്നത്”. ഹിമ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top