‘തെക്കോട്ടെടുക്കേണ്ടേ, വയസെത്രയായി; ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാന്‍’ കോടിയേരി ബാലകൃഷ്ണനോട് ശോഭാ സുരേന്ദ്രന്‍; പ്രസംഗത്തില്‍ മുഖ്യമന്ത്രിയെക്കുറിച്ചും പരാമര്‍ശം; വീഡിയോ

ശോഭാ സുരേന്ദ്രന്‍ പൊന്‍കുന്നത്ത് പ്രസംഗിക്കുന്നു

കോട്ടയം: വിവാദ പ്രസംഗവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ വീണ്ടും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിച്ചാണ് ശോഭാ സുരേന്ദ്രന്റെ പ്രസംഗം. കോടിയേരിയോട് സമാധാനമായി മരിക്കേണ്ടേ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ചോദ്യം. വയസെത്രയായെന്നും തെക്കോട്ടെടുക്കേണ്ടേ എന്നും ചോദിച്ച ശോഭ, ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും കോടിയേരിയോട് പറഞ്ഞു. രാജ്യം മുഴുവന്‍ യാത്ര ചെയ്യുന്ന കോടിയേരിയുടെ കഷ്ടപ്പാടൊക്കെ അവസാനിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ശോഭ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ശോഭാ സുരേന്ദ്രന്‍ കോടിയേരിക്കെതിരെ ആഞ്ഞടിച്ചത്. കോട്ടയം പൊന്‍കുന്നത്താണ് ശോഭയുടെ വിവാദ പ്രസംഗം.

പാര്‍ട്ടിയുടെ പാവപ്പെട്ട പ്രവര്‍ത്തകരുടെ അമ്മമാര്‍ക്ക് അവരെ കാണാന്‍ അവസരം നല്‍കണം. ഇപ്പോള്‍ ഒരാളെ പിടിച്ചുകൊണ്ടുപോയില്ലേ, അയാളുടെ അമ്മ എത്രത്തോളം ദു:ഖിക്കുന്നുണ്ടാകും. പൊലീസുകാര്‍ ചായ കൊടുത്ത് അവരെ വിട്ടയക്കും, പക്ഷേ അമ്മമാരുടെ മനസില്‍ തീയായിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക്, അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പത്രസമ്മേളനം നടത്താന്‍ സുരക്ഷയില്ലാത്ത നാടാണോ ‘കോടിയേരി ബാലകൃഷ്ണാ നിന്റെയീ കേരളം’ എന്നായിരുന്നു ശോഭയുടെ അടുത്ത ചോദ്യം. ഇത് ജനാധിപത്യ സംസ്ഥാനമാണ്. ജനാധിപത്യം നിങ്ങളെ ജയിപ്പിച്ച് അധികാരത്തിലെത്തിച്ചിട്ടുണ്ടെങ്കില്‍ ഇത് കോടിയേരി ബാലകൃഷ്ണന്റെ തറവാട് സ്വത്തല്ലെന്നും ശോഭ തുറന്നടിച്ചു. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയല്ലെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

കേരള പൊലീസില്‍ നല്ല ഒന്നാന്തരം മോദി ഭക്തരുണ്ടെന്നായിരുന്നു ശോഭ അടുത്തതായി പറഞ്ഞത്. അവര്‍ക്കൊക്കെ ഞങ്ങള്‍ സലാം വെച്ചിട്ടുണ്ട്. ചിലര്‍ അങ്ങനെയല്ല. ചായ കൊടുത്തിട്ട് ഒരു പെറ്റി കേസ് അവന്റെ പേരില്‍ എഴുതി ചേര്‍ക്കും, എന്നിട്ട് പറയും പോയിക്കിടന്ന് ഉറങ്ങാന്‍. അതാണ് സംഭവിക്കാന്‍ സാധ്യതയുള്ളത്. എന്നാല്‍ തങ്ങള്‍ എല്ലാ കണക്കും ജനാധിപത്യപരമായി എഴുതിവെച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

കേരള പൊലീസിന് ബിജെപി മന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ട കാലം വിദൂരമല്ലെന്നും ശോഭ പറഞ്ഞു. ആര്‍എസ്എസ് അനുഭാവികളായ പൊലീസുകാര്‍, പൊലീസിന്റെ പ്രധാന തസ്‌കയില്‍ ഉണ്ടന്നും അവരില്‍ വിശ്വാസം ഉണ്ടെന്നും ശോഭ സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഇതിന് മുന്‍പും വിവാദപരമായ പ്രസംഗങ്ങള്‍ നടത്തി ശോഭാ സുരേന്ദ്രന്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്ത് ശോഭ പറഞ്ഞത് പൊതുസമൂഹമധ്യത്തില്‍ അവഹേളിക്കുന്നവരുടെ മുഖത്തടിക്കുമെന്നാണ്. ഒരു ചാനല്‍ചര്‍ച്ചയുടെ ചുവടുപിടിച്ച്, അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിപിഐഎം നേതാവ് സുധീഷ് മിന്നിക്ക് നല്‍കിയ മറുപടിയായിരുന്നു അത്.

സുധീഷ് മിന്നിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ സംബന്ധിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഒരു സ്ത്രീയെക്കുറിച്ചും പറയാന്‍ പാടില്ലാത്തതാണ് സുധിഷ് മിന്നി നവമാധ്യമങ്ങളിലൂടെ എഴുതിക്കൊണ്ടിരിക്കുന്നതെന്ന് ശോഭ പറഞ്ഞിരുന്നു. ഒരു തരത്തിലും അനുവദിച്ചുകൊടുക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് അയാള്‍ പറയുന്നത്. താന്‍ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ ശരീരത്തില്‍ ഉള്‍പ്പെടെ പ്രയോഗിച്ച് പറയാന്‍ അയാള്‍ തന്റേടം കാട്ടി. പച്ചക്കള്ളം പറഞ്ഞു പരത്തി. സുധീഷ് മിന്നിയെ തന്റെ മുന്നില്‍ കിട്ടിയാല്‍ അടിച്ച് കരണം പൊളിക്കുക തന്നെ ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേസാകുമ്പോള്‍ അത് നടത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top