ധന്യ രാജേന്ദ്രനെതിരെ വിജയ് ഫാന്‍സിന്റെ ‘കൊലവിളി’ അവസാനിച്ചിട്ടില്ല; മൂന്ന് ദിവസം കൊണ്ട് നിറഞ്ഞത് 63,000 ട്വീറ്റുകള്‍

ധന്യ രാജേന്ദ്രന്‍, വിജയ്

ഇളയ ദളപതി വിജയുടെ ‘സുര’ എന്ന ചിത്രത്തെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനെ വെറുതെ വിടാതെ നടന്റെ ഫാന്‍സ്. മൂന്ന് ദിവസംകൊണ്ട് 63,000 ട്വീറ്റുകളാണ് നിറഞ്ഞത്. ഇതില്‍ ആക്ഷേപകരമായതും കൊലവിളി ഉയര്‍ത്തുന്നതുമുണ്ട്. ധന്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് വിജയ്‌യുടെ പരാജയ ചിത്രം സുരയെ സംബന്ധിച്ച് ധന്യ ട്വീറ്റ് ചെയ്തത്. ഇംതിയാസ് അലിയുടെ ഷാരൂഖ്-അനുഷ്‌ക ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തേപ്പറ്റി അഭിപ്രായം പറയുന്നതിനിടെയാണ് ധന്യ സുരയെ പരാമര്‍ശിച്ചത്. ‘ സുര എന്ന ചിതം ഇടവേള വരെ കണ്ട് ഇറങ്ങിപ്പോരേണ്ടിവന്നു, എന്നാല്‍ ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രം ആ റെക്കോര്‍ഡ് തകര്‍ത്തു. ഇടവേള വരെ പോലും മുഴുമിക്കാനായില്ല’ എന്നായിരുന്നു ധന്യയുടെ അഭിപ്രായം. ഇതിന് പിന്നാലെ വിജയ് ഫാന്‍സ് ധന്യയെ കടന്നാക്രമിക്കുകയായിരുന്നു. ധന്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരുമുണ്ട്. തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം ആസൂത്രിതമാണെന്നായിരുന്നു ധന്യ പ്രതികരിച്ചത്.

ധന്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ധന്യയുടെ ട്വീറ്റിന് താഴെ തീര്‍ത്തും മോശമായി കമന്റിട്ടവര്‍ ഇവരാണ്. ഇവരെ പിടികൂടാന്‍ പ്രത്യേക സംവിധാനം ഉപയോഗിക്കും. സംഭവം വിവാദമായതോടെ ചിലര്‍ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തതായും സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ വിജയ് തയ്യാറായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top