പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; ജീവനൊടുക്കാന്‍ ട്രെയിന് മുന്നില്‍ ചാടിയ യുവാവിന് കാലുകള്‍ നഷ്ടപ്പെട്ടു; ’12’ കാരിയായ കാമുകിക്ക് ഗുരുതര പരുക്ക്

പ്രതീകാത്മക ചിത്രം

ദില്ലി: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ ഇറങ്ങിത്തിരിഞ്ഞ യുവാവും കാമുകിയായ പന്ത്രണ്ടുവയസുകാരിയും തലനാരിഴക്ക് രക്ഷപ്പെട്ടു. ട്രെയിന് മുന്നില്‍ ചാടിയ ഇരുവരേയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ നരേലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. യുവാവിന് കാലുകള്‍ നഷ്ടപ്പെട്ടു. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമാണ്.

പന്ത്രണ്ടു വയസുകാരിയുമായി 22 കാരനായ യുവാവ് കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടേയും ബന്ധം പെണ്‍കുട്ടിയുടെ വീട്ടിലറിഞ്ഞതോടെ ശക്തമായി എതിര്‍ത്തു. ഇതില്‍ മനംമടുത്ത യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മിനിട്ടുകളോളം റെയില്‍വേ ട്രാക്കിലൂടെ നടന്ന ശേഷമാണ് ഇരുവരും ട്രെയിന് മുന്നിലേക്ക് എടുത്തുചാടിയത്. മരണത്തെക്കുറിച്ച് തനിക്ക് യാതൊരു ഭയവുമുണ്ടായിരുന്നില്ലെന്ന് യുവാവ് പറയുന്നു. എളുപ്പത്തില്‍ മരിക്കണമെന്നാണ് തങ്ങള്‍ രണ്ടു പേരും ആഗ്രഹിച്ചത്. ട്രെയിന്‍ വരുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ട്രാക്കില്‍ കിടന്നു. ഇതിനിടെ തന്റെ കാല്‍ ട്രാക്കില്‍ കുടുങ്ങിയെന്നും ട്രെയിന്‍ വന്നതോടെ മുട്ടിന് താഴെ അറ്റു പോകുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് വ്യക്തമാക്കി. ബോധം തെളിയുമ്പോള്‍ ആശുപത്രിയിലായിരുന്നു. കാലുകള്‍ നഷ്ടപ്പെട്ടിട്ട് തനിക്ക് ജീവിക്കേണ്ടെന്നും യുവാവ് പറഞ്ഞു.

സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം നരേലയിലെ രാജ ഹരിഷ്ചന്ദ്ര ആശുപത്രിയിലായിരുന്നു ഇരുവരേയും പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായിരുന്നതിനാല്‍ നായക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ബന്ധുക്കളാണെന്നായിരുന്നു യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ് തങ്ങള്‍ കാമുകീ, കാമുകന്മാരാണെന്നും ആത്മഹത്യ ചെയ്യുന്നതിനാണ് റെയില്‍വേ ട്രാക്കിലെത്തിയതെന്നും യുവാവ് വെളിപ്പെടുത്തിയത്.

അതേസമയം, യുവാവ് പറഞ്ഞ കാര്യങ്ങളൊന്നും പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ബലാത്സംഗ സാധ്യകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയതാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായതായി തെളിഞ്ഞാല്‍ യുവാവിനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ബിഹാര്‍ സ്വദേശിയായ യുവാവ് ജോലിയുടെ ഭാഗമായാണ് ദില്ലിയിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. പെണ്‍കുട്ടിക്ക് അമ്മയും സഹോദരിയുമാണുള്ളത്. ആത്മഹത്യയുടെ കാര്യം അമ്മയോടും സഹോദരിയോടും പെണ്‍കുട്ടി പറഞ്ഞിരുന്നുവെങ്കിലും അവര്‍ കാര്യമാക്കിയിരുന്നില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top