എനിക്ക് 20 വയസ്സേയുള്ളൂ; എന്ത് ധൈര്യത്തിലാണ് കല്യാണം മുടക്കി ഞാനവളെ ഇറക്കിക്കൊണ്ടു വരിക? എന്നാല്‍ അവള്‍ അവസാന നിമിഷം വരെ ശ്രമിച്ചു: ആ കാമുകന്‍ പറയുന്നു

പെണ്‍കുട്ടിയും കാമുകനും

ഗുരുവായൂരിലെ കല്യാണ മണ്ഡപത്തില്‍ നിന്ന് താലിയൂരി വരനെയേല്‍പ്പിച്ച് ഇറങ്ങിപ്പോയ ആ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ ഇതുവരെ വെറുതെ വിട്ടിട്ടില്ല. ഒരു ജന്മം കൊണ്ട് അനുഭവിക്കേണ്ട അപമാനവും വേദനയും ഒറ്റപ്പെടലും പെണ്‍കുട്ടി ഇതിനകം അനുഭവിച്ചു കഴിഞ്ഞു.

കതിര്‍മണ്ഡപം വരെ കാര്യങ്ങളെത്തിച്ചിട്ട് ഒടുവില്‍ താലികെട്ട് കഴിഞ്ഞപ്പോള്‍ കാമുകനൊപ്പം പോയ പെണ്ണിനെ തങ്ങള്‍ക്കറിയാവുന്ന മുഴുവന്‍ തെറിയും വിളിച്ചാണ് സോഷ്യല്‍ മീഡിയ അപമാനിച്ചത്. പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും ഫോട്ടോയും പരസ്യപ്പെടുത്തി ഓരോരുത്തരും മത്സര ബുദ്ധിയോടെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ഉത്സാഹം കാണിച്ചു. അവള്‍ പറ്റിച്ചത് തന്നെയല്ല, വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം കൊടുത്തത് താനല്ല എന്ന് ചിന്തിച്ചെങ്കിലും പിന്‍മാറാന്‍ ഒരാള്‍ പോലും തയ്യാറായില്ല.

വിഷയം വിവാദമായപ്പോള്‍ ഭയന്ന് ഒളിവില്‍ പോയെന്ന് പറഞ്ഞ ആ കാമുകന്‍ ഞാനാണെന്ന് പറഞ്ഞുകൊണ്ട് അഭിജിത് എന്ന യുവാവ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ”ഞങ്ങള്‍ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാര്യം അവളുടെ അമ്മയ്ക്കറിയാം. എന്നാല്‍ പെട്ടന്ന് അവള്‍ക്ക് കല്യാണം ആലോചിക്കുകയായിരുന്നു. ഞങ്ങളത് മുടക്കാന്‍ നോക്കി.
എനിക്കവളെ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ മൈനറാണ്. 20 വയസ്സുള്ള വിദ്യാര്‍ത്ഥിയായ ഞാന്‍ എന്ത് ധൈര്യത്തിലാണ് ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടക്കി അവളെ ഇറക്കിക്കൊണ്ടു വരുന്നത്?

അതുകൊണ്ട് ഞങ്ങള്‍ ഇഷ്ടത്തിലാണെന്ന് കല്യാണം കഴിക്കാന്‍ വന്ന ഷിജിലിനെ അറിയിച്ചു. എന്നാല്‍ പഴയ കാര്യങ്ങള്‍ നീ മറക്കാനായിരുന്നു അയാളുടെ മറുപടി. അയാളുടെ ലക്ഷ്യം സ്ത്രീധനമായി കിട്ടുന്ന 75 പവനായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. ഒടുവില്‍ എന്ത് വേണമെന്ന് അറിയാതായി. നിസ്സഹായനായതിനാല്‍ എനിക്കാ കല്യാണം മുടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അവള്‍ എല്ലാ വഴികളും നോക്കി. ആ കല്യാണ മണ്ഡപത്തില്‍ പോയെങ്കിലും കെട്ട് കഴിഞ്ഞപ്പോള്‍ എനിക്കവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടുന്നു പോന്നതിനു ശേഷമാണ് പിന്നീടുള്ള സംഭവങ്ങളെല്ലാം നടന്നത്.

എല്ലാവരും അവളെ ഒറ്റപ്പെടുത്തി. വരന്റെ അമ്മാവന്‍ ചെരിപ്പൂരി അവളെ അടിച്ചു. സംഘര്‍ഷമായി. ഒടുവില്‍ 8 ലക്ഷം കൊടുക്കാമെന്ന ഒത്തു തീര്‍പ്പില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. അന്ന് വൈകുന്നേരം അവളുടെ അച്ഛന്‍ എന്റെ മാതാപിതാക്കളെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. എന്റെ പഠനം കഴിഞ്ഞാലുടന്‍ വിവാഹം നടത്താമെന്നുറപ്പിച്ചു.’ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് അഭിജിത് മനസ്സ് തുറന്നത്.

ഇതിനിടയില്‍ ഇങ്ങനെ കൊലവിളി നടത്തരുതെന്നും അവള്‍ വെറും 19 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണെന്നും തന്റെ പ്രണയം അവള്‍ വരനടക്കം എല്ലാവരെയും അറിയിച്ചതാണെന്നും എന്നാല്‍ ആരും അവളുടെ കൂടെ നിന്നില്ലെന്നും ചൂണ്ടിക്കാണിച്ച് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫെയ്‌സ് ബുക്ക് ശ്രദ്ധേയമായിരുന്നു. ബഹളത്തിനിടയ്ക്ക് ഈ പോസ്റ്റ് അധികമാരും ശ്രദ്ധിച്ചില്ലെന്നതാണ് വാസ്തവം. ഇപ്പോഴും ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും ഭര്‍ത്താവിനെയും വീട്ടുകാരെയും പറ്റിച്ച ‘തേപ്പ്കാരി’യുടെ കഥ പറഞ്ഞ് ആ പെണ്‍കുട്ടിയുടെ കഥ പ്രചരിക്കുകയാണ്.

ആ പെണ്‍കുട്ടിയുടെ കാമുകന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് പോസ്റ്റില്‍ പറഞ്ഞിരുന്നു. അവനും 20 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ്. പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ കടന്നു പോകുന്നത് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണെന്നും കൂടെ നില്‍ക്കേണ്ട ബന്ധുക്കള്‍ പോലും ഒറ്റപ്പെടുത്തുകയാണെന്നും ഷാഹിന പറഞ്ഞു. ഇത്ര ദയാരഹിതമായൊരു ലോകത്തെ ഭയന്ന് ഇവരിലാരെങ്കിലും ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമോയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷാഹിന ചോദിച്ചിരുന്നു.

സത്യം എന്താണെന്ന് ഏറെക്കുറെ വ്യക്തമായിത്തുടങ്ങിയിട്ടും വിഷയത്തെ സംബന്ധിച്ച് ഷെയര്‍ ചെയ്ത അപകീര്‍ത്തികരമായ പോസ്റ്റുകളും ട്രോളുകളും പെണ്‍കുട്ടിയുടെ ചിത്രങ്ങളും പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ ഭൂരിഭാഗം പേരും തയ്യാറായിട്ടില്ല. ഇതിനിടയില്‍ തന്നെ വേണ്ടെന്നു വെച്ച പെണ്‍കുട്ടിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിജില്‍ എന്ന യുവാവ് വധുവില്ലാതെ റിസപ്ഷന്‍ ആഘോഷിച്ച ചിത്രങ്ങള്‍ പങ്കു വെച്ചതെന്നും അഭിജിത് പ്രതികരിച്ചിരുന്നു. ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന് എന്ന കുറിപ്പോടെയാണ് ഷിജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്.

സാധാരണ പ്രണയിച്ചവരെ മറന്ന് പെട്ടന്നൊരു ദിവസം മാതാപിതാക്കള്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തിന് സമ്മതം മൂളുകയും പിന്നീട് പഴയതെല്ലാം മറക്കുകയും ചെയ്യുമ്പോഴാണ് പെണ്‍കുട്ടികള്‍ തേപ്പുകാരികളും വഞ്ചകികളുമായി ചിത്രീകരിക്കപ്പെടുന്നത്. ഇവിടെ പ്രണയത്തിനായി അവസാന നിമിഷം വരെ ശ്രമിക്കുകയും അപമാനിക്കപ്പെട്ടിട്ടും പിന്‍മാറാതിരിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ഒരു പെണ്‍കുട്ടി ക്രൂശിക്കപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top