സ്വയം സെലിബ്രിറ്റിയുമായി, യുടൂബ് വഴി പണവുമുണ്ടാക്കി; ഇത് ഇബാദ് റഹ്മാന്‍ ടെക്

ഇബാദ് റഹ്മാന്‍

അല്‍പസ്വല്‍പം ടെക്‌നോളജി പ്രിയമുള്ള മലയാളിയാണെങ്കില്‍ ഒരിക്കലെങ്കിലും നാം ഇബാദ് റഹ്മാനെ കണ്ടിരിക്കും. എന്തിനും ഏതിനും ഉത്തരവുമായി ടെക്‌നോളജി മേഖലയിലുള്ള പല കാര്യങ്ങള്‍ക്കും ആര്‍ക്കും ഇബാദിനെ സമീപിക്കുകയുമാവാം. ഒരു പുഞ്ചിരിയുമായി ഏതുകാര്യത്തിനും മറുപടി പറയാന്‍ ഇദ്ദേഹം തയാര്‍.

2006ല്‍ യുടൂബിനെ ഗൂഗിള്‍ ഏറ്റെടുത്തുകഴിഞ്ഞപ്പോള്‍ത്തന്നെ ഇബാദ് യുടൂബിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് ഒരു വീഡിയോഗ്രാഫര്‍ എന്ന നിലയില്‍നിന്ന് ഇബാദ് ജീവിതത്തെ വഴിതിരിച്ച് വിടാന്‍ തീരുമാനിക്കുന്നത്. വിവാഹങ്ങള്‍ക്ക് വീഡിയോ എടുത്ത പരിചയത്തിലും ടെക്‌നോളജിയിലുള്ള അറിവുകൊണ്ടും കുറച്ചുകൂടി സര്‍ഗാത്മകമായി എങ്ങനെ ഒഴിവുസമയം ചിലവഴിക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇബാദിന്റെ മനസിലേക്ക് വ്‌ളോഗിംഗ് കടന്നുവരുന്നത്.

ആദ്യകാലങ്ങളില്‍ കഫേകളില്‍പോയിരുന്ന് മണിക്കൂറുകളോളം സമയം കുത്തിയിരുന്ന് അപ്ലോഡ് ചെയ്യ്ത വീഡിയോകള്‍ വലിയ ഹിറ്റുകളായി മാറി. പല ഭാഗത്തുനിന്നും വീഡിയോ എടുത്ത് യുടൂബിലിട്ടുവെങ്കിലും പശുക്കളില്ലാതെ വെറുതെ കിടക്കുന്ന തൊഴുത്ത് ഒരു സ്റ്റുഡിയോ പോലെ മാറ്റിയെടുത്ത് അവിടെ നിന്ന് പ്രൊഫഷണലായി ചിത്രീകരിച്ച് അപ്ലോഡ് ചെയ്തുതുടങ്ങി. ഇതോടെ മറ്റ് പലകാര്യങ്ങള്‍ക്കും ഇബാദ് സമയം കണ്ടെത്തി.

വ്‌ളോഗിംഗില്‍ അഗ്രഗണ്യനായതോടെ തുടക്കക്കാരും സെലിബ്രിറ്റികളുള്‍പ്പെടെയുള്ളവരും ഇബാദിന്റെയടുത്ത് സഹായം ചോദിച്ചെത്തി. ഇപ്പോള്‍ അത്തരം നിരവധി യുടൂബ് ചാനലുകള്‍ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. ഭാര്യ സഫ്‌ന എല്ലാ പിന്തുണയുമായി ഇബാദിനൊപ്പമുണ്ട്. മകന്‍ റഹിമാന്‍ ഉടനെതന്നെ ഒരു കുഞ്ഞ് വ്‌ളോഗറായി പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുമെന്നാണ് ഇബാദ് പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top