“നന്ദി ആമിര്‍ ഭായ്, സ്വപ്‌നങ്ങള്‍ സഫലമാക്കിയതിന്; ദംഗല്‍ തിരുത്തിയത് 478 വര്‍ഷം പഴക്കമുള്ള ചരിത്രം”: പ്രിയ നടന് നന്ദി പറഞ്ഞ് പെണ്‍കുട്ടികള്‍

വാരാണസി: സ്വപ്‌നങ്ങള്‍ സഫലമാക്കിയതിന് ആമിര്‍ ഖാനോട് നന്ദി പറയുകയാണ് ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും പെണ്‍കുട്ടികള്‍. ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ വാരിക്കൂട്ടിയ കളക്ഷന്‍ റെക്കോര്‍ഡുകളുടെ കാര്യമൊന്നും ഈ പെണ്‍കുട്ടികള്‍ക്കറിയില്ല. പക്ഷേ ഒന്നറിയാം, ഈ ചിത്രം തങ്ങളുടെ സ്വപ്‌നങ്ങള്‍ സത്യമാക്കി. പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഗ്രാമത്തിലെ അഖാഡകള്‍ ഇന്ന് പെണ്‍കുട്ടികളെ സ്വാഗതം ചെയ്യുന്നതിന് കാരണം ഈ ചിത്രമാണ്.

ഉത്തര്‍പ്രദേശിലും ഹരിയാനയിലുമൊക്കെ പെണ്‍കുട്ടികള്‍ ഗുസ്തി അഭ്യസിക്കുന്നുവെന്നത് അങ്ങനെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പരമ്പരാഗതമായി പുരുഷന്മാര്‍ മാത്രമാണ് ഗുസ്തി അഭ്യസിച്ചിരുന്നത്. വലിയൊരു വിഭാഗം പെണ്‍കുട്ടികള്‍ക്കും ഗുസ്തി അഭ്യസിക്കാനും മത്സരങ്ങളില്‍ പങ്കെടുക്കാനും താല്‍പര്യമുണ്ടെങ്കിലും വിലക്കുകള്‍ ഉള്ളതിനാല്‍ ആഗ്രഹങ്ങള്‍ ഉള്ളിലടക്കുകയായിരുന്നു.

എന്നാല്‍ സൂപ്പര്‍ താരം ആമിര്‍ ഖാന്‍ പ്രധാന വേഷം ചെയ്ത ബോളിവുഡ് ചിത്രം ദംഗലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 478 വര്‍ഷത്തെ പാരമ്പര്യമുള്ള തുളസിഘട്ടിലെ സ്വാമിനാഥ അഖാഡയുടെ വാതില്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കായി തുറന്നിരിക്കുകയാണ്. സിനിമ തങ്ങളെ അത്രയധികം സ്വാധീനിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. “പെണ്‍കുട്ടികള്‍ക്ക് അസാധ്യമായി ഒന്നുമില്ല. ഈ മേഖലയില്‍ മിന്നുന്ന വിജയം കരസ്ഥമാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് നിഷ്പ്രയാസം സാധിക്കും. പെണ്‍കുട്ടികളുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണ മനോഭാവവും വ്യക്തമാക്കുന്ന ചിത്രമായിരുന്നു ദംഗല്‍”. അധികൃതര്‍ വ്യക്തമാക്കി.

നിരവധി പെണ്‍കുട്ടികളാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഗുസ്തി പരിശീലിക്കുന്നത്. ഗുസ്തിയുടെ പരിശീലനക്കളരികള്‍ക്ക് പേരുകേട്ട വാരാണസിയിലെ അഖാഡയില്‍ നിലവിലെ ചട്ടങ്ങള്‍ തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്. പാരമ്പര്യങ്ങളെ പൊളിച്ചടുക്കിക്കൊണ്ട് ഇത്രയധികം മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞ ദംഗല്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രിയ നടന്‍ ആമിര്‍ ഖാനും ഹൃദയംകൊണ്ട് നന്ദി പറയുകയാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍. തങ്ങളുടെ ജീവിതാഭിലാഷമാണ് ആമിര്‍ ഭായി സഫലമാക്കിയത് എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top