അമ്മയെ കാണാന്‍ അനുവദിക്കണം; അപേക്ഷയുമായി കൃഷ്ണദാസ് വീണ്ടും സുപ്രീംകോടതിയില്‍

പി. കൃഷ്ണദാസ്

ദില്ലി: രോഗബാധിതയായ അമ്മയെ സന്ദര്‍ശിക്കുന്നതിനായി കേരളത്തില്‍ പോകാനന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

വിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള കൃഷ്ണദാസിന് പാലക്കാട് ലക്കിടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് ജാമ്യവ്യവസ്ഥയുടെ ഭാഗമായി കേരളത്തിലെ പ്രവേശനത്തിന് വിലക്കുള്ളത്. ഈ കേസില്‍ സ്വാധീനമുള്ള പ്രതി നാട്ടിലെത്തിയാല്‍ കേസ് അട്ടിമറിക്കുന്നവിധത്തില്‍ സ്വാധീനം ചെലുത്തുമെന്നും അതിനാല്‍ കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി കേരളത്തില്‍ പ്രവേശിക്കുന്നത് വിലക്കിയത്.

ഈ കേസില്‍ കൃഷ്ണദാസിന്റെ ജാമ്യം നിഷേധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് കൃഷ്ണദാസ് സുപ്രീംകോടതിയില്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇത് തള്ളിയിരുന്നു. മതിയായ അപേക്ഷയില്ലാതെ ആവശ്യം പരിഗണിക്കാനാവില്ലെന്നും വിശദമായ രേഖകളും സത്യവാങ്മൂലവും സമര്‍പ്പിച്ചാല്‍ അപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇതേതുടര്‍ന്നാണ് ഇന്ന് വീണ്ടും കൃഷ്ണദാസ് അപേക്ഷ നല്‍കിയത്.

ലക്കിടി ജവഹര്‍ കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലി, തന്നെ മര്‍ദ്ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസിനെതിരെ കേസ് കൊടുത്തിരുന്നത്.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പാണ് ഷഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചത്. കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് ഷഹീറിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമായത്. ജനുവരി 3ന് ജവഹര്‍ലാല്‍ കോളേജില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പാമ്പാടി നെഹ്‌റു കോളേജില്‍ കൊണ്ടുപോയി ചെയര്‍മാന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.

പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങില്‍ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നല്‍കണമെന്ന ആവശ്യം ഷഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ഷഹീര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top