ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സയമപരിധി നീട്ടി

പ്രതീകാത്മക ചിത്രം

ദില്ലി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം അഞ്ചുദിവസത്തേക്ക് നീട്ടി. ആഗസ്റ്റ് അഞ്ചുവരെ റിട്ടേണ്‍ സമര്‍പ്പിക്കാം. നേരത്തെ ജൂലൈ 31 നാണ് അവസാനതിയതിയായി ആദായ നികുതി വകുപ്പ് നിശ്ചയിച്ചിരുന്നത്.

ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതടക്കം ആദായ നികുതിയുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഇത് നികുതിദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലും ചാര്‍ട്ടേര്‍ഡ് അക്കുണ്ടന്റുമാര്‍ ജി.എസ്.ടിയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലും പലര്‍ക്കും നിശ്ചിതസമയത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയ പരിധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം വന്നത്.

സമയ പരിധി കഴിഞ്ഞാലും പിഴ ഇല്ലാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാനാകുമെങ്കിലും അധികമായി പിടിച്ച നികുതി തുക തിരികെ ലഭിക്കേണ്ടവര്‍ക്ക് പലിശ തുക കുറയും. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതിന് ശേഷം 2016 നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30വരെയുള്ള കാലയളവില്‍ രണ്ട് ലക്ഷമോ അതിലധികമോ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ നിര്‍ബന്ധമായും ആദായ നികുതി വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top